?ഞാൻ ജോലി ചെയ്യുന്ന കമ്പനി അഞ്ച് മാസമായി ശമ്പളം നൽകിയിട്ട്. ഞാൻ തൊഴിൽ കരാർ റദ്ദു ചെയ്ത് വേറെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. എനിക്ക് പഴയ തൊഴിലുടമ മൊബിലിറ്റി നൽകി പുതിയ വിസക്ക് അപേക്ഷ നൽകിയിരിക്കുകയാണ്. എന്റെ ലഭിക്കാനുള്ള ശമ്പളം ലഭിക്കാൻ എന്ത് ചെയ്യണം
-ഒരു വായനക്കാരി
• പുതിയ വിസയിലേക്ക് മാറിയ ശേഷം LMRAയിൽ പരാതി നൽകണം. അതുപോലെ തൊഴിൽ കോടതിയിലും പരാതി നൽകണം. തൊഴിൽ കോടതിയിൽ പരാതി നൽകുന്നതിന് കോടതി ഫീസ് ഒന്നും തന്നെയില്ല. അഭിഭാഷകന്റെ ഫീസ് നൽകണം. അല്ലെങ്കിൽ നേരിട്ട് ഫീസ് നൽകണം. എല്ലാ രേഖകളും അറബി ഭാഷയിൽ വേണം കോടതിയിൽ നൽകാൻ. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ ഒരു ബഹ്റൈൻ അഭിഭാഷകനെ സമീപിക്കണം. ഏതായാലും ജോലി മാറിയ ദിവസം മുതൽ ഒരു വർഷത്തിനകം പരാതി കോടതിയിൽ നൽകണം.
?ഞാൻ ദിവസവും 12 മണിക്കൂർ വരെ ജോലി ചെയ്യുന്നു. എനിക്ക് ശമ്പളമല്ലാതെ ഒരു ഓവർടൈം ആനുകൂല്യവും നൽകുന്നില്ല. ജോലി ചെയ്യുമ്പോൾ തന്നെ കോടതിയിൽ പരാതി നൽകാൻ സാധിക്കുമോ
-ഒരു വായനക്കാരൻ
•തൊഴിൽ നിയമപ്രകാരം എട്ട് മണിക്കൂറിൽ കൂടുതൽ ഒരു ദിവസം ജോലി ചെയ്യുകയാണെങ്കിൽ ഓവർടൈം ലഭിക്കാൻ അർഹതയുണ്ട്. താങ്കളുടെ തൊഴിലുടമ ഓവർടൈം തരുന്നില്ലെങ്കിൽ കോടതിയിൽ പരാതി നൽകാം. അല്ലെങ്കിൽ തൊഴിൽ മന്ത്രാലയത്തിൽ പരാതി നൽകാം. തൊഴിൽ മന്ത്രാലയം തൊഴിലുടമയെ വിളിച്ചുവരുത്തി ഇതിനുള്ള പരിഹാരം കാണും. ജോലി ചെയ്യുമ്പോൾതന്നെ കോടതിയിൽ പരാതി നൽകുന്നതിന് നിയമതടസ്സം ഒന്നും തന്നെയില്ല.
?ഞങ്ങളുടെ വിവാഹം നാട്ടിലാണ് നടന്നത്. ഞങ്ങൾ രണ്ടുപേരും ബഹ്റൈനിലാണ് ഇപ്പോൾ താമസിക്കുന്നത്. ഒരു രീതിയിലും ഒന്നിച്ചുജീവിക്കാൻ പ്രയാസമാണ്. ഇവിടെ കോടതിയിൽ വിവാഹമോചനം ലഭിക്കാൻ പരാതി നൽകാൻ സാധിക്കുമോ
-ഒരു വായനക്കാരി
• നാട്ടിൽ വിവാഹം കഴിച്ച് ഇവിടെ ഫാമിലിയായി ജീവിക്കുകയാണെങ്കിൽ ഇവിടത്തെ കോടതിയിൽ വിവാഹമോചനത്തിന് കേസ് നൽകാൻ സാധിക്കും. വിവാഹമോചന കേസ് പരിഗണിക്കുന്നത് താങ്കളുടെ നാട്ടിലെ വ്യക്തി നിയമപ്രകാരമാണ്. അതായത്, ക്രിസ്ത്യൻ ആണെങ്കിൽ ക്രിസ്ത്യൻ ഡിവോഴ്സ് നിയമപ്രകാരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.