? ഞാൻ ഒരു അറബിയുടെ ഷോപ്പിൽ ജോലി ചെയ്യുന്നു. ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടര വർഷം കഴിഞ്ഞു. ഇപ്പോൾ വിസ കാൻസൽ ചെയ്ത് നാട്ടിൽ പോകാൻ ഒരുങ്ങുകയാണ്. എന്റെ കോൺട്രാക്ടിൽ, രണ്ടുവർഷം കഴിഞ്ഞാൽ രണ്ടു മാസം ലീവ് സാലറിയും ഇൻഡമ്നിറ്റിയും എയർ ടിക്കറ്റും വാഗ്ദാനം ചെയ്തിട്ടുണ്ട്. വിസ കാൻസൽ ചെയ്തു പോകുന്നതുകൊണ്ട് എനിക്ക് ഈ ആനുകൂല്യങ്ങൾ കിട്ടാൻ അർഹത ഉണ്ടോ?
• താങ്കളുടെ കരാറിൽ പറഞ്ഞിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കാൻ അർഹതയുണ്ട്. വിസ കാൻസൽ ചെയ്തതുകൊണ്ട് അതൊന്നും നഷ്ടമാകില്ല. നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങളാണ്. തിരികെ വരാത്തതുകൊണ്ട് എയർ ടിക്കറ്റ് വൺവേ മാത്രമേ ലഭിക്കുകയുള്ളൂ. രണ്ടര വർഷം ജോലി ചെയ്തതുകൊണ്ട് അതുവരെയുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. അതായത്, രണ്ടര വർഷത്തെ അവധിയുടെ ശമ്പളം, ഇൻഡെമ്നിറ്റി, ജോലിചെയ്ത ദിവസം വരെയുള്ള ശമ്പളം എന്നിവയെല്ലാം ലഭിക്കും.
? എന്റെ സുഹൃത്ത് ഇവിടെ ഒരു സാൻഡ്വിച്ച് ഷോപ്പിൽ മൂന്നുമാസം ജോലി ചെയ്തു. അതിന് ശമ്പളം നൽകിയില്ല. ചോദിച്ചപ്പോൾ 160 ദിനാർ വീതം നൽകാമെന്നാണ് പറഞ്ഞത്. ജോലിക്ക് കൊണ്ടുവരുന്ന സമയത്ത് അതിൽ കൂടുതലാണ് വാഗ്ദാനം ചെയ്തിരുന്നത്. തുടർന്ന് സുഹൃത്ത് മറ്റൊരിടത്ത് ഷോപ്പിൽ ജോലി കണ്ടെത്തി. ആദ്യത്തെ ഷോപ്പിൽ മൂന്നുമാസം ജോലി ചെയ്തതിന്റെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. ഇത് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?
• താങ്കളുടെ മൂന്നുമാസത്തെ ശമ്പളം ലഭിക്കാൻ തൊഴിൽ കോടതിയിൽ പരാതി നൽകണം. സെഹ്ല എൽ.എം.ആർ.എയുടെ ഓഫിസിൽ കോടതിയുടെ ഒരു ശാഖയുണ്ട്. അവിടെ പരാതി നൽകാൻ സാധിക്കും. തൊഴിൽ കരാറിൽ പറഞ്ഞിരിക്കുന്ന ശമ്പളം മാത്രമേ ലഭിക്കുകയുള്ളൂ. അല്ലെങ്കിൽ വേറെ ഏതെങ്കിലും രേഖയിലുള്ള ശമ്പളം. പരാതി നൽകുമ്പോൾ തൊഴിൽ കരാറും മറ്റ് രേഖകളും കരുതണം. തൊഴിലുടമയുടെ സി.പി.ആറിന്റെ കോപ്പിയും കൊണ്ടുപോകണം. പരാതി അറബിയിൽ എഴുതിക്കൊടുക്കുന്നതാണ് നല്ലത്.
തൊഴിൽ കരാറും മറ്റ് രേഖകളും അറബി ഭാഷയിൽ അല്ലെങ്കിൽ അറബി പരിഭാഷ തയാറാക്കണം. തൊഴിൽ കോടതിയിൽ പരാതി നൽകുന്നതിന് ഫീസില്ല. ഒരു ബഹ്റൈനി അഭിഭാഷകൻ മുഖേന പരാതി നൽകിയാൽ നല്ലതാണ്. അഭിഭാഷകന്റെ സഹായമില്ലാതെ സ്വന്തമായും പരാതി നൽകാം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.