മനാമ: വിവിധ കേസുകളിൽപെട്ട് യാത്രമുടങ്ങിയ തിരുവനന്തപുരം അമ്പൂരി സ്വദേശി കൊല്ലപ്പള്ളി സിബി മാത്യു (56) നാട്ടിലെത്തി. സിവിൽ എൻജിനീയറായി 1991ലാണ് ഇദ്ദേഹം ബഹ്റൈനിലെത്തുന്നത്. കഴിഞ്ഞ 30 വർഷത്തിലേറെയായി ആറോളം കമ്പനികളിൽ ജോലി ചെയ്യുകയും പാർട്ണർഷിപ്പിൽ അലൂമിനിയം ഫാബ്രിക്കേഷൻ കമ്പനി നടത്തുകയും ചെയ്തിരുന്നു. വിവിധ സന്ദർഭങ്ങളിലായി സ്പോൺസർമാർ തമ്മിലുള്ള കേസിടപാടുകളിൽപെട്ടാണ് സിബി മാത്യുവിന്റെ യാത്ര മുടങ്ങിയത്. അവസാനമായി മൂന്ന് വർഷം മുമ്പാണ് സിബി മാത്യു നാട്ടിൽ പോയി തിരിച്ചുവന്നത്. പ്രവാസജീവിതം അവസാനിച്ച് പോകാനിരിക്കെയാണ് നിലവിലെ സ്പോൺസർ കേസ് നൽകിയതായി അറിയുന്നത്.
സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, നജീബ് കടലായി തുടങ്ങിയവരുടെ ശ്രമഫലമായി എംബസിയുമായി ബന്ധപ്പെട്ട് കേസ് അവസാനിച്ച് നാട്ടിലേക്ക് തിരിക്കാനിരിക്കുന്നതിനിടെയാണ് 2003ൽ ഉണ്ടായ മറ്റൊരു കേസിന്റെ പേരിൽ ക്ലിയറൻസ് ലഭിക്കാനുണ്ടെന്ന് അറിയുന്നത്. സാമൂഹിക പ്രവർത്തകൻ സുധീർ തിരുനിലത്ത് ഇടപെട്ട് ഈ കേസിന്റെ ക്ലിയറൻസും ലഭിച്ചതിനെ തുടർന്നാണ് നാട്ടിലേക്ക് പോകാനുള്ള വഴിയൊരുങ്ങിയത്. ഇതിനിടെ ആറ് മാസം മുമ്പ് നടത്തിയ മെഡിക്കൽ പരശോധനയിൽ ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായത് അറിഞ്ഞു. ഇപ്പോൾ സ്ഥിരമായി ഡയാലിസിസ് ചെയ്യുന്ന അവസ്ഥയിലാണ്. ബംഗളൂരുവിൽ താമസിക്കുന്ന മകന്റെയും ഭാര്യയുടെയും അടുക്കലേക്കാണ് സിബി മാത്യു പോയത്. തന്റെ പ്രയാസത്തിൽ കൂടെനിൽക്കുകയും യാത്രാസംബന്ധമായ തടസ്സങ്ങൾ നീക്കുകയും ചെയ്ത ബഹ്റൈനിലെ ഇന്ത്യൻ എംബസിക്കും സാമൂഹിക പ്രവർത്തകർക്കും സിബി മാത്യു നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.