മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗത്തിന് കീഴിൽ അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് 'സ്ത്രീ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും' എന്ന പ്രമേയത്തിൽ വെബിനാർ സംഘടിപ്പിച്ചു. സ്വപ്നങ്ങളുടെയും ഭാവനകളുടെയും ലോകത്ത് നിന്ന് സ്ത്രീകൾ പുറത്ത് കടക്കേണ്ടിയിരിക്കുന്നുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കവയിത്രി സുൽഫി പറഞ്ഞു.
സ്ത്രീയുടെ അവകാശങ്ങൾ നേടിയെടുക്കാൻ സ്ത്രീകൾതന്നെ മുന്നിട്ടിറങ്ങണമെന്നും മുഖ്യ പ്രഭാഷണം നിർവഹിച്ച കേരളത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തക പി.വി. റഹ്മാബി ടീച്ചർ അഭിപ്രായപ്പെട്ടു. സമൂഹത്തിൽ മാറ്റം വന്നാലല്ലാതെ സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് ഒന്നിനും മാറ്റം വരില്ല. വസ്ത്രം വലിച്ചെറിയലല്ല സ്ത്രീ സ്വാതന്ത്ര്യമെന്നും സ്ത്രീക്കും പുരുഷനും തുല്യനീതി എന്നതാണ് യഥാർഥ സ്ത്രീ സ്വാതന്ത്ര്യമെന്നും അവർ ചൂണ്ടിക്കാട്ടി.
നീതി പൂർവമായ സ്വാതന്ത്ര്യം നേടിയെടുക്കാൻ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതിനായി സ്ത്രീകൾ ഒറ്റക്കെട്ടായി ഇറങ്ങിയാൽ മാറ്റം കൊണ്ടുവരാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീകൾ ഇന്ന് പല മേഖലയിലും മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും ഈ കലുഷിതമായ അന്തരീക്ഷത്തിൽ അവളുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയും അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുകയാണെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച ഫ്രൻഡ്സ് വനിതാ വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ് പറഞ്ഞു. സാമൂഹിക മേഖലയിലെ പ്രമുഖ വനിത വ്യക്തിത്വങ്ങളായ ഷെമിലി പി. ജോൺ, എഴുത്തുകാരി സുരഭി, അധ്യാപിക സിജി ശശിധരൻ, പ്രവാസി വെൽഫെയർ എക്സിക്യൂട്ടിവ് അംഗം ഷിജിന ആഷിഖ് എന്നിവർ സംസാരിച്ചു. നദീറ ഷാജി നിയന്ത്രിച്ച വെബിനാറിൽ ഫ്രൻഡ്സ് വനിത വിഭാഗം സെക്രട്ടറി ശൈമില നൗഫൽ സ്വാഗതവും എക്സിക്യൂട്ടിവ് അംഗം ഹസീബ ഇർഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.