മനാമ: ഇന്ന് ലോകമെമ്പാടും അർബുദ ദിനമായി ആചരിക്കുമ്പോൾ, ബഹ്റൈനിൽ ഒരാഴ്ചത്തെ ബോധവത്കരണ പ്രവർത്തനങ്ങളാണ് കാൻസർ കെയർ ഗ്രൂപ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഹൃദ്രോഗം കഴിഞ്ഞാൽ ഏറ്റവുമധികം പേർ മരിക്കുന്നത് കാൻസർ അഥവ അർബുദം ബാധിച്ചാണെന്നാണ് കണക്കുകൾ. അർബുദം മാരകമാണെങ്കിലും ചികിൽസിച്ച സുഖപ്പെടുത്താനാവാത്തതാണെന്ന ധാരണ മാറിയിട്ടുണ്ട്. അർബുദ ചികിത്സയിൽ വളരെയധികം പുരോഗതി സമീപകാലത്തായി ഉണ്ടായിട്ടുണ്ട്.
നേരത്തേ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദപ്പെടുത്താവുന്ന അസുഖമാണ് അർബുദം. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ അർബുദ സാധ്യത ഒഴിവാക്കാമെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നു. അർബുദം സംബന്ധിച്ച തെറ്റിദ്ധാരണകൾ നീക്കിക്കൊണ്ട് പ്രവാസികളിൽ ബോധവത്കരണമുൾപ്പെടെ പരിപാടികളും മെഡിക്കൽ പരിശോധനകളും നടത്തി അർബുദ മുക്തമായ ജീവിതമെന്ന ലക്ഷ്യം കൈവരിക്കാനായി രൂപവത്കരിച്ച സംഘടനയാണ് കാൻസർ കെയർ ഗ്രൂപ് (സി.സി.ജി).
ബഹ്റൈൻ കാൻസർ സൊസൈറ്റിയുമായി (ബി.സി.എസ്) അഫിലിയേറ്റ് ചെയ്താണ് സി.സി.ജിയുടെ പ്രവർത്തനം. 2014 ഒക്ടോബർ 29ന് സ്ഥാപിതമായ കാൻസർ കെയർ ഗ്രൂപ് ‘അസിസ്റ്റ്- പ്രിവന്റ്- സപ്പോർട്ട്’ എന്ന മുദ്രാവാക്യത്തിലധിഷ്ഠിതമായി അർബുദബോധവത്കരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്.
ഇതിനായി മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണ പരിപാടികളും സ്വന്തം നിലയിലും ഇതര സംഘടനകളുടെ ആഭിമുഖ്യത്തിലും സി.സി.ജി സംഘടിപ്പിക്കാറുണ്ട്. അർബുദ ബാധിതർക്ക് ചികിത്സ സംബന്ധിച്ച മാർഗനിർദേശം നൽകാനും സംഘടന സദാ സന്നദ്ധമാണ്. സൽമാനിയ ഗവൺമെന്റ് ഹോസ്പിറ്റലിലെയും കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെയും (കെ.എച്ച്.യു.എച്ച്) ഓങ്കോളജി വാർഡുകൾ സന്ദർശിച്ച് നിർധനരായ രോഗികൾക്ക് ആവശ്യമായ സാമൂഹിക പിന്തുണ നൽകുകയും ചെയ്യാറുണ്ട്. സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് കെ.ടി. സലിം (ജനറൽ സെക്രട്ടറി) 33750999/, ഡോ പി.വി ചെറിയാൻ: 33478000 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
ലോക അർബുദ ദിനത്തോടനുബന്ധിച്ച് കാൻസർ കെയർ ഗ്രൂപ്പും ബഹ്റൈൻ പ്രതിഭയും സംയുക്തമായി റോയൽ ബഹ്റൈൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഹെയർ ഡൊണേഷൻ ക്യാമ്പ് ഞായറാഴ്ച വൈകുന്നേരം ഏഴിന് ഉമ്മുൽ ഹസം കിംസ് ഹോസ്പിറ്റലിൽ നടക്കും. കുട്ടികളും മുതിർന്നവരും അടങ്ങുന്ന 40 ൽ പരം ആളുകൾ കുറഞ്ഞത് 21 സെന്റീമീറ്റർ നീളമുള്ള തലമുടി ദാനം ചെയ്യും.
അർബുദ രോഗികൾക്ക് കീമോതെറാപ്പി പോലുള്ള ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ വിഗ് ഉണ്ടാക്കി നൽകുവാനാണ് ഇത്തരത്തിൽ ലഭിക്കുന്ന തലമുടി ഉപയോഗിക്കുന്നത്. ബഹ്റൈനിൽ ഒന്നിച്ച് മുടിനൽകുന്ന ഒരു ക്യാമ്പ് ആദ്യമായാണ് സംഘടിപ്പിക്കുന്നത്.
ബഹ്റൈൻ പാർലമെന്റ് അംഗങ്ങളായ അബ്ദുൽ ഹക്കിം അൽ ഷിനോ, മറിയം അൽ ധൈൻ, ബഹ്റൈൻ കാൻസർ സൊസൈറ്റി പ്രസിഡന്റ് ഡോ: അബ്ദുൽ റഹ്മാൻ ഫക്രൂ, എക്സിക്യൂട്ടിവ് മാനേജർ അഹമ്മദ് അലി അൽ നോവക്ദ, റോയൽ ബഹ്റൈൻ പ്രസിഡന്റും കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ ചെയർമാനുമായ അഹ്മദ് ജവഹറി എന്നിവർ സംബന്ധിക്കും.
കിംസ് ഹെൽത്ത് ഗ്രൂപ് സി.ഇ.ഒ ഡോ. ഷെരീഫ് എം. സഹദുല്ല, കിംസ് ഹോസ്പിറ്റലിലെ ഡോ. വെങ്കടേഷ് മുഷാനി (ഹെമറ്റോ ഓങ്കോളജിസ്റ്റ്), ഡോ. അൽപായ് യിൽമാസ് (ഗൈനക്കോളജിക്കൽ ഓങ്കോളജി) എന്നിവർ സംസാരിക്കും. ബഹ്റൈനിലെ അറിയപ്പെടുന്ന ഓങ്കോളജിസ്റ്റുകൾ സെമിനാറിൽ പങ്കെടുക്കും.
വ്യായാമവും ഭക്ഷണനിയന്ത്രണവും ഒരു പരിധിവരെ അർബുദ സാധ്യത കുറക്കും. അതുകൊണ്ടുതന്നെ ജീവിതശൈലി രോഗങ്ങൾ, പ്രമേഹം, ഹൃദ്രോഗം, ഉയർന്ന ബി.പി, സ്ട്രോക്ക് തുടങ്ങിയവ സംബന്ധിച്ച അവബോധം പ്രവാസികൾക്കുണ്ടാകേണ്ടതുണ്ട്. പുകവലി അർബുദത്തിന് ഒരു പ്രധാന കാരണമാണ്.
പുകവലി കഴിയുന്നതും ഒഴിവാക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. അഡിക്ഷനുണ്ടാക്കുന്ന വസ്തുക്കളുടെ ഉപയോഗം അർബുദത്തിന് കാരണമാകുന്നു. ഡ്രഗ്സ്, സെഡേറ്റീവ്സ് തുടങ്ങിയവ ഉദാഹരണമാണ്. ചിലതരം ഗ്ലൂ സ്മെൽ ചെയ്യുന്ന അഡിക്ഷനുള്ളവരുണ്ട്. ഇതൊക്കെ അർബുദ കാരണമായേക്കാം. അതുകൊണ്ട് അവയിൽനിന്ന് അകന്നുനിൽക്കണം. കുടുംബത്തിൽ ആർക്കെങ്കിലും അർബുദമുണ്ടെങ്കിൽ രക്തബന്ധമുള്ളവർക്ക് അത് വരാൻ സാധ്യതയേറെയാണ്. അവർ ജനറ്റിക് സ്റ്റഡിക്ക് വിധേയരാകുന്നത് നല്ലതാണ്.
കിങ് ഹമദ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ ഈ സൗകര്യം ലഭ്യമാണ്. മതിയായ വ്യായാമം ശരീരകോശങ്ങളിൽ ആവശ്യത്തിന് ഓക്സിജൻ ലഭ്യമാകാൻ സഹായിക്കും. അവയവങ്ങളുടെ പ്രവർത്തനം സുഗമമാകാനും അതുവഴി അർബുദ സാധ്യത കുറയ്ക്കാനും വ്യായാമം സഹായകമാകും. ഫെർട്ടിലൈസറുകളുടെയും കീടനാശിനികളുടെയും അമിതമായ ഉപയോഗം അർബുദമായി മാറാം. അതുകൊണ്ട് ഭക്ഷണകാര്യങ്ങളിൽ കുറച്ചൊക്കെ ശ്രദ്ധ പുലർത്തുന്നത് നല്ലതാണ്. ശരീരഭാഗങ്ങളിൽ എന്തെങ്കിലും അസ്വാഭാവികത കാണുന്നുണ്ടെങ്കിൽ ഉടൻതന്നെ പരിശോധനക്ക് വിധേയരാകണം.
ഉണങ്ങാത്ത മുറിവുകൾ, നിറവ്യത്യാസം, ഡിസ്ചാർജുകൾ, മുഴകൾ, മൂത്രത്തിൽ രക്തം കലരുക, മെനോപ്പാസിനു ശേഷവും ബ്ലീഡിങ് ഉണ്ടാകുക, പുരുഷന്മാരിൽ ഇടക്കിടക്ക് മൂത്രം പോകുക തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ തീർച്ചയായും പരിശോധനക്ക് വിധേയരാകണം. ചില അർബുദങ്ങളെ തടയുന്ന വാക്സിനുകളുണ്ട്. അർബുദ ചികിത്സയിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. സ്തനാർബുദ ചികിത്സയിൽ സ്തനം റിമൂവ് ചെയ്യുന്നത് ഒഴിവാക്കാൻ ഇപ്പോൾ സാധിച്ചിട്ടുണ്ട്. പുതിയ മരുന്നുകൾ ചികിത്സയിൽ വളരെ ഫലപ്രദമായി കാണുന്നുണ്ട്. ഈ മേഖലയിലെ ഗവേഷണങ്ങൾ ആശാവഹമാണ്. നേരത്തേ രോഗം കണ്ടുപിടിക്കുന്നത് രോഗശമനത്തെ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.