മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വിദ്യാർഥികൾ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളുമായി ലോക പരിസ്ഥിതി ദിനം ആചരിച്ചു. കാമ്പസ് ഗാർഡനിൽ ഐ.എസ്.ബി ബൊട്ടാണിക്കൽ പാച്ചിന്റെ ഉദ്ഘാടനം സ്കൂൾ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം വി. അജയകൃഷ്ണൻ നിർവഹിച്ചു. പ്രിൻസിപ്പൽ പമേല സേവ്യർ, വിദ്യാർഥികൾ, പ്രധാനാധ്യാപകർ, കോഓഡിനേറ്റർമാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. വിദ്യാർഥികളുടെ കൂട്ടായ പരിശ്രമത്തെയും കാമ്പസിലെ ഹരിത ഇടങ്ങൾ പരിപാലിക്കുന്നതിനുള്ള അവരുടെ അഭിനിവേശത്തെയും അജയകൃഷ്ണൻ അഭിനന്ദിച്ചു. വിദ്യാർഥികൾ അവരുടെ ഇ.വി.എസ് പ്രോജക്ടുകളുടെ ഭാഗമായി പച്ചക്കറി വിത്തുകളും ചെറിയ ചട്ടിയിൽ ചെടികളും കൊണ്ടുവന്നു.
നാച്വർ ക്ലബിന്റെയും ഇക്കോ മോണിറ്റർമാരുടെയും നേതൃത്വത്തിൽ വിദ്യാർഥികൾ സ്കൂൾ പൂന്തോട്ടത്തിൽ വിത്തുകളും തൈകളും നട്ടു. സ്കൂളിന്റെ ഇക്കോ അംബാസഡർ ആദ്യ ബിജിൻ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. സ്കൂളിലെ മാലിന്യങ്ങൾ പച്ചയും നീലയും എന്നിങ്ങനെ രണ്ട് റീസൈക്കിൾ ബിന്നുകളായി വേർതിരിച്ചു. കാമ്പസിലുടനീളം, ക്ലാസ് മുറികളിൽ, വിദ്യാർഥികൾ അവരുടെ ക്ലാസ്റൂം ലൈറ്റുകൾ ഒരു മിനിറ്റ് ഓഫ് ചെയ്തുകൊണ്ട് ‘ഭൗമ മണിക്കൂർ’ ആചരിച്ചു.
അവർ ബാഡ്ജുകൾ, പോസ്റ്ററുകൾ, ഡ്രോയിങ്ങുകൾ മുതലായവ തയാറാക്കിയിരുന്നു. കുട്ടികൾക്കിടയിൽ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. അത് പ്രകൃതിയോട് അനുകമ്പ വളർത്തിയെടുക്കുന്ന സമീപനം രൂപപ്പെടുത്തും. ചെറിയ, ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് ആവാസവ്യവസ്ഥക്ക് പ്രയോജനം നേടാനാകും. പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിൽ വിദ്യാർഥികളുടെ ആവേശകരമായ പങ്കാളിത്തത്തിനും അധ്യാപകർക്കും സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.