മനാമ: ലോക നാടകദിനത്തോടനുബന്ധിച്ച് പ്രതിഭ നാടകവേദിയുടെ ആഭിമുഖ്യത്തിൽ രണ്ടു നാടകങ്ങളുടെ അവതരണം നടന്നു. നടൻ ഇന്നസെന്റിന്റെയും നാടകനടനും സംവിധായകനുമായ വിക്രമന് നായരുടെയും ആകസ്മിക വേർപാടിൽ നാടകവേദിക്കുവേണ്ടി രാജേഷ് അട്ടാച്ചേരി അനുശോചനപ്രമേയം അവതരിപ്പിച്ചു. തുടർന്ന് ഒരൊറ്റ നാടകത്തിൽ ആറു വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ അതിശയിപ്പിച്ച കേരള സംഗീത നാടക അക്കാദമിയുടേത് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ച ബേബികുട്ടൻ തൂലിക തന്റെ ദീർഘകാല നാടകജീവിതത്തിലെ ഓർമകൾ പ്രേക്ഷകരുമായി പങ്കുവെച്ചു.
പ്രശസ്ത നടി നിലമ്പൂർ ആയിഷയുടെ ജീവിതകഥ പശ്ചാത്തലമാക്കി ബോണി ജോസ് നാടകാവിഷ്കാരം നടത്തിയ ‘അനാഘ്രാത പുഷ്പം’ എന്ന ലഘുനാടകം അരങ്ങേറി. ശ്രീവിദ്യ വിനോദ്, അഷിത ഹാരിസ്, ശ്രുതി രതീഷ്, സാദിഖ് തെന്നല, രഞ്ജു റാൻഷ്, ഷിജോ, ജയൻ കോളറാട് എന്നിവർ വേഷമിട്ടു. തുടർന്ന് ജയൻ മേലത്ത് രചനയും സംവിധാനവും നിർവഹിച്ച ‘മോദസ്ഥിതർ’ എന്ന ലഘുനാടകവും അവതരിപ്പിക്കപ്പെട്ടു. സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ അരങ്ങിൽ അനുഭാവപൂർവം അവതരിപ്പിക്കുന്ന, എന്നാൽ സ്വന്തം ജീവിതത്തിൽ അത് നടപ്പാക്കാതെ സ്ത്രീവിരുദ്ധത ആവോളം കൊണ്ടുനടക്കുന്ന പുരുഷകേസരികളെ അഭിസംബോധന ചെയ്യുന്നതായിരുന്നു ഈ നാടകം. ഹരീഷ് പയ്യന്നൂർ, രഞ്ജീഷ് ചേലേരി, ശിബിൽഖാൻ എന്നിവരായിരുന്നു അഭിനേതാക്കൾ.
പ്രതിഭ ഹാളിൽ നടത്തിയ ലോക നാടകദിന പരിപാടിയിൽ കലാവിഭാഗം കൺവീനർ അനഘ രാജീവൻ സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ അധ്യക്ഷത വഹിച്ചു. പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത് ബേബികുട്ടൻ തൂലികക്കുള്ള ഉപഹാരം കൈമാറി, നാടകസംവിധായകൻ ബോണി ജോസിനുള്ള ഉപഹാരം രക്ഷാധികാരി സമിതി അംഗം വീരമണിയും സംവിധായകൻ ജയൻ മേലത്തിനുള്ള ഉപഹാരം ലോക കേരളസഭ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി.വി. നാരായണനും കൈമാറി. പ്രതിഭ ട്രഷറർ മിജോഷ് മൊറാഴ നന്ദി പ്രകാശിപ്പിച്ചു.
രക്ഷാധികാരി സമിതി അംഗങ്ങളായ എൻ.കെ. വീരമണി, ഷരീഫ് കോഴിക്കോട്, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മിജോഷ് മൊറാഴ, അനില്‍ കണ്ണപുരം, നാടകവേദി അംഗങ്ങളായ ദുർഗ കാശിനാഥ്, സ്മിത സന്തോഷ്, കൂടാതെ കണ്ണൻ മുഹറഖ്, രാജേഷ് അട്ടാചാരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.