മനാമ: ചെറിയപെരുന്നാളിനോടനുബന്ധിച്ച് 1584 തടവുകാർക്ക് പൊതു മാപ്പ് നൽകി ഹമദ് രാജാവിന്റെ കാരുണ്യവർഷം. ഹമദ് രാജാവ് അധികാരമേറ്റതിന്റെ രജത ജൂബിലിയുടേയും ഇദുൽ ഫിത്റിന്റെയും പശ്ചാത്തലത്തിലാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ക്രിമിനൽ കേസുകളിലടക്കം ശിക്ഷിക്കപ്പെട്ട തടവുകാരാണ് മോചിതരായത്. ഉത്തരവിറങ്ങി ഉടൻ തന്നെ ഇവരെ മോചിപ്പിക്കുകയായിരുന്നു.
കുടുംബാംഗങ്ങളോടൊപ്പം ഈദ് ആഘോഷിക്കാനുള്ള അസുലഭ അവസരമാണ് ഇവർക്ക് കൈവന്നത്. പുറത്തിറങ്ങിയ ഇവർ കാത്തുനിന്നിരുന്ന കുടുംബാംഗങ്ങളോടും ബന്ധുക്കളോടുമൊപ്പം ആഹ്ലാദം പങ്കിടുകയും ചെയ്തു. പൗരാവകാശങ്ങളും നീതിയും നിയമവാഴ്ചയും സംരക്ഷിക്കാനും സമൂഹത്തിന്റെ കെട്ടുറപ്പും സുസ്ഥിരതയും നിലനിർത്താനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ തെളിവായി രാജകീയ ഉത്തരവ്.
മോചിതരായവർക്ക് പൊതു സമൂഹവുമായി വീണ്ടും ഇഴുകിച്ചേരാനും രാജ്യപുരോഗതിക്കായി യത്നിക്കാനുമുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നതെന്ന് മന്ത്രിസഭയും വിലയിരുത്തി. മോചിതരായവർക്ക് തൊഴിൽ പരിശീലനമടക്കം നൽകി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ തൊഴിൽ വകുപ്പിന് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.