മനാമ: ‘ആരോഗ്യത്തോടെ ജീവിക്കുക’ എന്ന തലക്കെട്ടിൽ യൂത്ത് ഇന്ത്യ ബഹ്റൈൻ സുബി ഹോംസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഡിക്കൽ ഫെയർ 2.0 ഡിസംബർ ഒന്നിന് രാവിലെ എട്ട് മുതൽ വൈകീട്ട് എട്ടുവരെ അദാരി പാർക്കിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബഹ്റൈൻ പ്രവാസി സംഘടനാ ചരിത്രത്തിൽ ഇതാദ്യമായാണ് വിപുലമായ മെഡിക്കൽ ഫെയർ സംഘടിപ്പിക്കുന്നത്. വിവിധ സ്പെഷാലിറ്റികളിൽ വിദഗ്ദ്ധരായ ഡോക്ടർമാരുടെ പരിശോധന, മെഡിക്കൽ എക്സിബിഷൻ, ബോധവത്കരണ ക്ലാസുകൾ, കൗൺസലിങ്, ബദൽ മെഡിക്കൽ സംവിധാനങ്ങളുടെ പ്രദർശനവും സേവനവും തുടങ്ങിയ വിപുലമായ പരിപാടികളുൾക്കൊള്ളിച്ചിട്ടുണ്ട്. യുത്ത് ഇന്ത്യ 2015ൽ സംഘടിപ്പിച്ച പരിപാടിയുടെ സെക്കൻഡ് എഡിഷനാണിത്.
5000ൽപരം ആളുകളെ പ്രതീക്ഷിക്കുന്ന പരിപാടിയിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ബഹ്റൈനിലെ പ്രമുഖ ആശുപത്രികളും ഫാർമസികളും സമാന്തര വൈദ്യശാസ്ത്ര സ്ഥാപനങ്ങളും ഇതര ആരോഗ്യ സ്ഥാപനങ്ങളും ഒരുമിച്ചു ഒരേ വേദിയിൽ സൗജന്യ സേവനങ്ങൾ നൽകുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
രാവിലെയുള്ള സെഷനിൽ വിവിധ ലേബർ ക്യാമ്പുകളിലും സ്ഥാപനങ്ങളിലുമുള്ളവർക്കും ഉച്ചക്ക് ശേഷമുള്ള സെഷനിൽ കുടുംബങ്ങൾക്കുള്ള പ്രത്യേക സെഷനുകളും പ്രവർത്തിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മുൻഗണന ലഭിക്കും. അന്നേ ദിവസം സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഒരുക്കുന്നുണ്ട്.
പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിൽ പ്രവാസികൾ പലപ്പോഴും തങ്ങളുടെ ആരോഗ്യത്തിനു വേണ്ടത്ര പരിഗണന കൊടുക്കാറില്ല. ഈ നിലപാട് പലപ്പോഴും വലിയ ദുരന്തത്തിലേക്ക് വഴിതുറക്കുന്ന സാഹചര്യത്തിലാണ് മെഡിക്കൽ ഫെയറുമായി യൂത്ത് ഇന്ത്യ വീണ്ടും മുന്നോട്ടുവന്നതെന്ന് പ്രസിഡന്റ് വി.കെ. അനീസ് പറഞ്ഞു. ചെറിയ വരുമാനക്കാരായ പ്രവാസികൾക്ക് മെഡിക്കൽ ഫെയർ വലിയ ആശ്വാസമായി മാറും. ഫസ്റ്റ് എയ്ഡ് പരിശീലനങ്ങളും സി.പി.ആർ പരിശീലനവും ഫെയറിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
വാർത്തസമ്മേളനത്തിൽ യൂത്ത് ഇന്ത്യ രക്ഷാധികാരി സഈദ് റമദാൻ നദ് വി, പ്രസിഡന്റ് വി.കെ. അനീസ്, മെഡിക്കൽ ഫെയർ രക്ഷാധികാരികളായ ഡോ.പി.വി. ചെറിയാൻ, മെഡ്കെയർ ചെയർമാൻ മജീദ് തണൽ, ജനറൽ കൺവീനർ വി.പി. ജുനൈദ്, വിഭവ സമാഹരണം കൺവീനർ സിറാജ് കിഴുപ്പിള്ളിക്കര, രജിസ്ട്രേഷൻ കൺവീനർ മുഹമ്മദ് ജൈസൽ, മെഡിക്കൽ കൺവീനർ അജ്മൽ ഷറഫുദ്ദീൻ, എക്സിബിഷൻ കൺവീനർ സാജിർ, ഗെസ്റ്റ് മാനേജ്മെന്റ് കൺവീനർ മിന്‍ഹാജ് മെഹ്ബൂബ്, ഹെൽത്ത് ടോക്ക് കൺവീനർ അൽത്താഫ്, മെഡിക്കൽ ഫെയർ 2.0 പാർട്ണർ റൈഫ് യു.എസ്.എ സി.ഇ.ഒ മുഹമ്മദ് യൂസുഫ് ഖാൻ, സ്പീച് തെറപ്പിസ്റ്റ് ജിഷ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.