കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ തളർന്ന വിപണിയുടെ അടയാളമായി രാജ്യത്തെ തിരക്കൊഴിഞ്ഞ റോഡുകൾ. നേരത്തെ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്ന മിക്കവാറും റോഡുകളിൽ ഇപ്പോൾ വലിയ തിരക്കില്ല. വിദേശികളിൽ നല്ലൊരു ശതമാനം നാട്ടിൽ പോയതും ആളുകൾ അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുന്നതുമാണ് ഇതിന് കാരണം.
ഗതാഗതക്കുരുക്ക് കുറഞ്ഞത് വാഹന യാത്രക്കാർക്ക് ആശ്വാസമാണെങ്കിലും വ്യാപാരികൾക്ക് ശുഭ സൂചനയല്ല. മുൻകാലങ്ങളിൽ തിരക്കേറിയിരുന്ന ജങ്ഷനുകളിലും മാളുകളിലും സന്ദർശകർ കുറവാണ്. ഇത് കച്ചവടത്തെ ബാധിച്ചതായി വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു.
മാസങ്ങൾ ലോക്ഡൗണിൽ വിപണി അടച്ചിട്ടത് സാമ്പത്തിക വിനിമയ ചക്രം മുറിച്ചു. ഇത് പൂർവ സ്ഥിതിയിലാവാൻ സമയമെടുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. അവധിക്ക് പോയി നാട്ടിൽ കുടുങ്ങിക്കിടക്കുന്ന വിദേശികൾ തിരിച്ചുവരുന്നതോടെ വിപണിയിൽ ഉണർവ് പ്രകടമാവുമെന്നാണ് പ്രതീക്ഷ.
റസ്റ്റാറൻറ്, ഗാർമെൻറ്സ്, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, ഗൃഹോപകരണങ്ങള്‍, ഫുട്വെയർ, ആരോഗ്യ - സൗന്ദര്യ സംരക്ഷണ ഉല്പന്നങ്ങള്, ഫാഷൻ വസ്തുക്കൾ തുടങ്ങിയവയെല്ലാം വിൽപന കുറഞ്ഞിട്ടുണ്ട്.
നിത്യോപയോഗ സാധനങ്ങൾ, മത്സ്യം, മാംസം, പച്ചക്കറികൾ എന്നിവക്ക് വിൽപനയുണ്ട്. ഒാൺലൈൻ ക്ലാസുകൾ മൊബൈൽഫോൺ, ലാപ്ടോപ് എന്നിവയുടെ വിൽപന വർധിപ്പിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, കുവൈത്തികൾ ആശ്രയിക്കുന്ന സ്ഥാപനങ്ങൾക്കാണ് ഇതിെൻറ ഗുണം ലഭിച്ചത്. ഇന്ത്യക്കാർ ഉൾപ്പെടെ നടത്തുന്ന ചെറുകിട സ്ഥാപനങ്ങൾക്ക് ഇൗ മേഖലയിലും വ്യാപാര മാന്ദ്യമുണ്ട്.
കുവൈത്തിലെ വിദേശി ജനസംഖ്യ കുറക്കാനുള്ള നടപടികൾക്ക് കുവൈത്ത് സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. എളുപ്പമല്ലെങ്കിലും ജനസംഖ്യാ സന്തുലനം സാധ്യമാക്കണമെന്ന ദൃഢനിശ്ചയവുമായാണ് അധികൃതർ മുന്നോട്ടുപോവുന്നത്.
ഇത് നടപ്പാവുേമ്പാൾ നിലവിലെ പ്രശ്നം രൂക്ഷമാവാനും ഇടയുണ്ട്. ജനങ്ങൾ കുറയുേമ്പാൾ ഉൽപന്നങ്ങളുടെ ഡിമാൻഡ് കുറയുമെന്ന സാമ്പത്തിക തത്ത്വം പരിഗണിക്കണമെന്നും വിദേശികളെ കൂട്ടത്തോടെ ഒഴിവാക്കുന്നത് കുവൈത്ത് സാമ്പത്തിക വ്യവസ്ഥക്ക് ഗുണം ചെയ്യില്ലെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.