കുവൈത്ത് സിറ്റി: ശനിയാഴ്ച കുവൈത്തിൽ തുടക്കമാകുന്ന ഗൾഫ് കപ്പിന്റെ ഒരുക്കങ്ങൾ പരിശോധിക്കാൻ പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും ജാബിർ അൽ അഹ്്മദ് ഇന്റോർ സ്റ്റേഡിയം സന്ദർശിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ എത്തിയ സംഘം ഇരിപ്പിടങ്ങൾ, ഗ്രൗണ്ട്, സുരക്ഷ സംവിധാനങ്ങൾ എന്നിവ വിലയിരുത്തി. അതിഥികൾക്കും കാണികൾക്കും സുരക്ഷിതമായി മത്സരം കാണുന്നതിനുള്ള സൗകര്യം ഉറപ്പാക്കാൻ പ്രധാനമന്ത്രി ഉണർത്തി.
ആരാധകരെ സ്വീകരിക്കാന്‍ ഒരുങ്ങി വിമാനത്താവളം
പങ്കെടുക്കുന്ന രാജ്യങ്ങളെയും ആരാധകരെയും സ്വീകരിക്കാന്‍ ഒരുങ്ങി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം. ഡിസംബർ 21 മുതൽ ജനുവരി മൂന്നു വരെ നടക്കുന്ന ടൂര്‍ണമെന്റിനായി 30,000ത്തോളം ഫുട്ബാൾ പ്രേമികൾ കുവൈത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സന്ദർശകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയതായി സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ജനറലും, ഡി.ജി.സി.എ വക്താവുമായ അബ്ദുല്ല അൽ രാജി പറഞ്ഞു.
ഒരുമിച്ചെത്തുന്ന ഫാൻസ് ഗ്രൂപ്പുകൾക്കായി പ്രത്യേക സ്വീകരണ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഗതാഗത വിവരങ്ങൾ പ്രദർശിപ്പിക്കുന്ന സ്ക്രീനുകളും വിമാനത്താവളത്തില്‍ ഉണ്ടാകും. അറേബ്യൻ ഗൾഫ് കപ്പ് സുഗമമാക്കാനുള്ള ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ്, എയർലൈൻസ്, ഗ്രൗണ്ട് സർവിസ്, ഗൾഫ് കപ്പ് സംഘാടക സമിതി എന്നിവയുടെ ശ്രമങ്ങളെ അൽ രാജി പ്രശംസിച്ചു.
ടൂർണമെന്റ് കാലയളവിൽ മൊത്തം ഫ്ലൈറ്റുകളുടെ എണ്ണം 75ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സെമി ഫൈനൽ, ഫൈനൽ മത്സര ദിവസങ്ങളിൽ അധിക ഫ്ലൈറ്റുകളും പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ യാത്രക്കാർക്കും സുഗമവും സുഖപ്രദവുമായ അനുഭവം ഉറപ്പാക്കാൻ വിമാനത്താവളത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.