കുവൈത്ത് സിറ്റി: താമസ നിയമലംഘനത്തിന് അറസ്റ്റിലായ 118 മഡഗാസ്കർ പൗരന്മാരെ സ്വകാര്യ വിമാനത്തിൽ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചു. ഇതിൽ നാലു കുട്ടികളുമുണ്ടായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ അവിടെ വിമാനത്താവളം അടച്ചതിനാൽ ഇവർ ഒരുവർഷമായി കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുകയായിരുന്നു. മഡഗാസ്കറിന് കുവൈത്തിൽ എംബസിയില്ല. ആഭ്യന്തരമന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹിെൻറ നിർദേശത്തെ തുടർന്ന് വ്യോമയാന വകുപ്പ് യാത്രാസൗകര്യം ഏർപ്പെടുത്തുകയായിരുന്നു. രാജ്യങ്ങൾ സ്വന്തം പൗരന്മാരെ ഏറ്റുവാങ്ങണമെന്ന് അന്തർദേശീയ ഉടമ്പടിയുള്ളതാണ്.
എന്നാൽ, പല രാജ്യങ്ങളും കുവൈത്തിൽ നിയമലംഘനത്തെ തുടർന്ന് അറസ്റ്റിലാവുകയോ താമസാനുമതി ഇല്ലാതിരിക്കുകയോ ചെയ്യുന്ന ഘട്ടത്തിൽ സ്വന്തം പൗരന്മാരെ സ്വീകരിക്കുന്നതിൽ വിമുഖത കാണിക്കുന്നു. കോവിഡ് കാലത്തെ യാത്രാനിയന്ത്രണങ്ങൾ ഇതിന് ആക്കം കൂട്ടുകയും ചെയ്തു. മാനുഷിക പരിഗണനയിൽ കുവൈത്ത് ഇത്തരം തൊഴിലാളികളെ ദീർഘനാൾ പരിചരിച്ചുവരുന്നു.
കുവൈത്തിലെ ജയിലുകളിൽ സ്ഥല പരിമിതി അനുഭവപ്പെടുന്നതിന് ഒരു കാരണം ഇതാണ്. ജയിലിൽ സ്ഥലമില്ലാത്തതിനെ തുടർന്നാണ് സുരക്ഷ പരിശോധന കാമ്പയിൻ വരെ നിർത്തിവെക്കേണ്ടിവന്നത്. ജയിലിൽ ആളുകുറയുന്നതിനനുസരിച്ച് ഒറ്റപ്പെട്ട പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.