കുവൈത്ത് സിറ്റി: രാജ്യത്തെ പൊലീസ് സേനയിൽ ഇനി കൂടുതൽ വനിതകൾ. വനിത പൊലീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ 13ാം ബാച്ച് വിദ്യാർഥികൾ വ്യാഴാഴ്ച പുറത്തിറങ്ങി. 190 ബിരുദധാരികൾ, 23 ഓഫിസർമാർ ഉൾപ്പെടെ 13 അണ്ടർ സെക്രട്ടറി ഓഫിസർമാരും സർജന്റുമാരും എന്നിങ്ങനെ 226 പേരാണ് പൊലീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം കഴിഞ്ഞ് പുറത്തിറങ്ങിയത്.
ബിരുദദാന ചടങ്ങിൽ വനിത കാഡറ്റുകളെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് അഭിസംബോധന ചെയ്തു. എല്ലാവരിലും ഒരുപോലെ നിയമം നടപ്പാക്കണമെന്നും സത്യപ്രതിജ്ഞയോടുള്ള പ്രതിബദ്ധതയും സുരക്ഷാചുമതലകൾ നിർവഹിക്കുന്നതിൽ ഉറച്ച വിശ്വാസവും പുലർത്താനും അദ്ദേഹം ഉണർത്തി.
എല്ലാവർക്കും നിയമം ബാധകമാക്കുക, മാതൃരാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷ കാക്കുക, കടമകളും ചുമതലകളും നിർവഹിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധയിൽ ഉണ്ടാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരുടെ ആശംസകൾ ആഭ്യന്തര മന്ത്രി അറിയിച്ചു.
ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അബ്ദുൽ ലത്തീഫ് അൽ ബർജാസ്, വിദ്യാഭ്യാസ-പരിശീലന മേഖലയുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ബദർ അൽ ബലൂൽ, മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.