പാര്‍സലില്‍ മയക്കുമരുന്ന് കടത്ത്  : കബളിപ്പിക്കപ്പെട്ട മലയാളിയുടെ ശിക്ഷ അപ്പീല്‍ കോടതിയും ശരിവെച്ചു

കുവൈത്ത് സിറ്റി: സുഹൃത്തിന്‍െറ ചതിയില്‍പ്പെട്ട് കുവൈത്തിലേക്ക് പാര്‍സല്‍ വഴി മയക്കുമരുന്ന് കടത്തിയ കേസില്‍ മലയാളി യുവാവിന് അഞ്ചു വര്‍ഷം തടവിനും 5,000 ദീനാര്‍ പിഴയടക്കാനുമുള്ള ക്രിമിനല്‍ കോടതി വിധി അപ്പീല്‍ കോടതിയും ശരിവെച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് മീനാപ്പീസില്‍ ചേലക്കാടത്ത് റാഷിദിന് ഈവര്‍ഷം ഏപ്രിലില്‍ ക്രിമിനല്‍ കോടതി വിധിച്ച ശിക്ഷയാണ് തിങ്കളാഴ്ച ചേര്‍ന്ന ജസ്റ്റിസ് വാഇല്‍ അതീഖിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ശരിവെച്ചത്. 2014 ജൂണ്‍ 25നാണ് അവധി കഴിഞ്ഞ് തിരിച്ചുവരുകയായിരുന്ന റാഷിദിന്‍െറ ലഗേജില്‍നിന്ന് കുവൈത്ത് വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം മയക്കുമരുന്ന് അടങ്ങിയ പൊതി കണ്ടെടുത്തത്. തുടര്‍ന്ന്, റാഷിദിനെ ആന്‍റി നാര്‍കോട്ടിക് സെല്ലിന് കൈമാറുകയും അവര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. താന്‍ നിരപരാധിയാണെന്നും സുഹൃത്ത് കുടുക്കിയതാണെന്നും റാഷിദ് പറഞ്ഞിരുന്നു. സുഹൃത്തും കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയുമായ ഫവാസ് ആണ് കുവൈത്തിലേക്ക് വരുമ്പോള്‍ ഒരു പാര്‍സല്‍ കൊണ്ടുവരണമെന്ന് റാഷിദിനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടത്.  കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി നസീം മുസ്തഫയാണ് പാര്‍സല്‍ കോട്ടച്ചേരി റെയില്‍വേ ഗേറ്റിനടുത്തുവെച്ച് റാഷിദിനെ ഏല്‍പിച്ചത്. ഈ പാര്‍സലാണ് റാഷിദിനെ കുടുക്കിയത്. കുവൈത്തിലുണ്ടായിരുന്ന ഫവാസ് അന്ന് മുങ്ങിയതാണ്. നാട്ടിലേക്ക് കടന്നുവെന്നാണ് കരുതുന്നതെങ്കിലും ഇതുവരെ കണ്ടത്തൊനായിട്ടില്ല. റാഷിദ് നിരപരാധിയാണെന്ന് മനസ്സിലായതോടെ കുവൈത്തിലെ സുഹൃത്തുക്കളും നാട്ടുകാരും സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് മോചനത്തിനുള്ള ശ്രമം നടത്തുന്നതിന് ജനകീയ സമിതി രൂപവത്കരിച്ചിരുന്നു. ഈ സമിതി ഏര്‍പ്പാടാക്കിയ അഭിഭാഷകനാണ് റാഷിദിനായി കേസ് വാദിച്ചത്. അപ്പീല്‍ കോടതിയും വിധി ശരിവെച്ചതോടെ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള ശ്രമത്തിലാണ് ജനകീയ സമിതി. ഇതിനായി കുറച്ചുകൂടി പ്രമുഖനായ മറ്റൊരു അഭിഭാഷകനെ ഏര്‍പ്പാടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ജനകീയ സമിതി ഭാരവാഹികള്‍ അറിയിച്ചു. ഇതിനായി ഉടന്‍ യോഗം ചേരുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.