സ്വകാര്യമേഖലയില്‍ സ്വദേശിവത്കരണം  ത്വരിതപ്പെടുത്താന്‍ നിയമം വരുന്നു

കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യമേഖലയിലെ സ്വദേശികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതികള്‍ ആസുത്രണം ചെയ്യുന്നു. ഇതിനായി പ്രത്യേക നിയമം കൊണ്ടുവരാന്‍ ആലോചിക്കുന്നതായി തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇതുസംബന്ധിച്ച 12 നിര്‍ദേശങ്ങള്‍ തൊഴില്‍മന്ത്രി ഹിന്ദ് അസ്സബീഹ് തയാറാക്കിയതായും അവ ഉള്‍ക്കൊള്ളിച്ച് അടുത്തവര്‍ഷം തന്നെ നിയമം പാസാക്കുമെന്നുമാണ് സൂചന. 
തൊഴില്‍മന്ത്രി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പഠിക്കാന്‍ മാന്‍പവര്‍ ഗവണ്‍മെന്‍റ് റീസ്ട്രക്ച്ചറിങ് പ്രോഗ്രാം (എം.ജി.ആര്‍.പി) ഉടന്‍ സമിതിയെ നിയോഗിക്കുമെന്ന് സെക്രട്ടറി ജനറല്‍ ഫൗസി അല്‍മിജ്ദലി അറിയിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിന് അനുസൃതമായിട്ടായിരിക്കും തുടര്‍ നടപടികള്‍. സ്വകാര്യമേഖലയില്‍ വിദേശികളുടെ തോത് വര്‍ധിച്ചുവരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അല്‍മിജ്ദലി പറഞ്ഞു. സ്വകാര്യമേഖലയിലെ വിദേശി തൊഴിലാളികളുടെ തോത് രണ്ടുവര്‍ഷം കൂടുമ്പോള്‍ പരിശോധിച്ച് ആവശ്യമായ പുന$ക്രമീകരണത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രിസഭാ നിര്‍ദേശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യമേഖലയില്‍ മാത്രമല്ല, സര്‍ക്കാര്‍ സര്‍വിസിലും സ്വദേശി-വിദേശി അനുപാതം വര്‍ധിക്കുന്നത് ആശാവഹമല്ളെന്നും അല്‍മിദ്ലി അഭിപ്രായപ്പെട്ടു. ഇതുകൊണ്ടുതന്നെ പൊതുമേഖലയിലും സ്വദേശിവത്കരണം സര്‍ക്കാറിന്‍െറ അജണ്ടയിലുണ്ട്. എണ്ണമേഖലപോലുള്ള വിഭാഗങ്ങളില്‍ അവ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. മറ്റു മേഖലകളിലേക്കും താമസിയാതെ അത് വ്യാപിപ്പിക്കും -അദ്ദേഹം വ്യക്തമാക്കി. വിവിധ വിഭാഗങ്ങളില്‍ സ്വദേശികളുടെ തോത് വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എം.ജി.ആര്‍.പിയുടെ ലക്ഷ്യമാണെന്നും ആ വഴിക്കുള്ള നടപടികള്‍ തുടര്‍ന്നും പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. 
വിദേശ ജീവനക്കാരുടെ എണ്ണവും തസ്തികയും സംബന്ധിച്ച  കണക്കെടുത്ത് സിവില്‍ സര്‍വിസ് കമീഷന് കൈമാറാന്‍ അടുത്തിടെ വിവിധ മന്ത്രാലയങ്ങളോടും സര്‍ക്കാര്‍ സ്ഥാപനങ്ങളോടും മന്ത്രിസഭ ആവശ്യപ്പെട്ടിരുന്നു. വിദേശികളെ കുറെ ഒഴിവാക്കി സ്വദേശി യുവാക്കളെ നിയമിക്കുന്നതിന് സമീപഭാവിയില്‍ ഊന്നല്‍ നല്‍കുന്നതിനുവേണ്ടിയായിരുന്നു ഇത്. വിവിധ വികസന പദ്ധതികള്‍ പൂര്‍ത്തിയാവുന്നതോടെ 2020 ആകുമ്പോഴേക്കും രാജ്യത്ത് 22 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടക്കപ്പെടുമെന്നും ഇതില്‍ അഞ്ചു ലക്ഷത്തിലേറെ തസ്തികകളും സര്‍ക്കാര്‍ മേഖലയിലായിരിക്കുമെന്നുമാണ് കണക്കാക്കപ്പെടുന്നത്. ഇത് പരമാവധി പ്രയോജനപ്പെടുത്തി സ്വദേശികളുടെ തൊഴിലില്ലായ്മ പരിഹരിക്കുകയാണ് പുതിയ നീക്കങ്ങളിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.