വിദേശ തൊഴിലാളി റിക്രൂട്ട്മെന്‍റ്  വീണ്ടും നിര്‍ത്താന്‍ ആലോചന

കുവൈത്ത് സിറ്റി: ഏറെക്കാലത്തെ മുറവിളിക്കുശേഷം ഈവര്‍ഷം തുടക്കത്തില്‍ പുനരാരംഭിച്ച വിദേശ തൊഴിലാളി റിക്രൂട്ട്മെന്‍റ് വീണ്ടും നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. വിദേശ റിക്രൂട്ട്മെന്‍റ് വാതില്‍ തുറന്നതോടെ പ്രതീക്ഷിച്ചതിലും കൂടുതല്‍ രാജ്യത്തത്തെിയത് തൊഴില്‍ വിപണിയിലെ സന്തുലിതത്വം തെറ്റിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് റിക്രൂട്ട്മെന്‍റ് നിര്‍ത്തലാക്കാന്‍ മാന്‍പവര്‍ അതോറിറ്റി ഒരുങ്ങുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 
വിദേശ തൊഴിലാളി റിക്രൂട്ട്മെന്‍റ് പുനരാരംഭിച്ച് ആദ്യ ആറുമാസത്തിനകം 10,000 പേര്‍ കുവൈത്തിലത്തെിയെന്നാണ് മാന്‍പവര്‍ അതോറിറ്റിയുടെ കണക്ക്. ഇതേ വേഗത്തില്‍ റിക്രൂട്ട്മെന്‍റ് തുടരുകയാണെങ്കില്‍ തൊഴില്‍ വിപണിയിലെ സന്തുലിതത്വം തകിടം മറിയുമെന്നതിനാല്‍ ഇതിന് തടയിടാന്‍ റിക്രൂട്ട്മെന്‍റ് തല്‍ക്കാലം നിര്‍ത്തിവെക്കേണ്ടിവരുമെന്നാണ് അധികൃതര്‍ കരുതുന്നത്. നിലവില്‍ 40 ലക്ഷം ജനസംഖ്യയുള്ള കുവൈത്തില്‍ 28 ലക്ഷവും വിദേശികളാണ്. 
പൊതുമേഖലയില്‍ 3,23,422- 1,38,227 ആണ് സ്വദേശി-വിദേശി അനുപാതമെങ്കില്‍ സ്വകാര്യ മേഖലയില്‍ അത് 92,481-13,29,860 ആണ്. തൊഴില്‍ വിപണിയിലെ ആവശ്യം പരിഗണിച്ച് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ തൊഴിലാളികളെ വിദേശത്തുനിന്ന് റിക്രൂട്ട്ചെയ്യാന്‍ ഈ വര്‍ഷം തുടക്കത്തിലാണ് അനുവാദം നല്‍കിയത്. എല്ലാ രാജ്യങ്ങളില്‍നിന്നും ആനുപാതികമായ രീതിയില്‍ തൊഴിലാളികളെ കൊണ്ടുവരിക, കമ്പനികളും സ്ഥാപനങ്ങളും തൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ എണ്ണം 30 ശതമാനത്തില്‍ കൂടാന്‍ പാടില്ല തുടങ്ങിയ നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് വിസാനടപടികള്‍ പുനരാരംഭിച്ചത്. രാജ്യത്ത് വിദേശതൊഴിലാളികളുടെ നേരിട്ടുള്ള റിക്രൂട്ട്മെന്‍റിന് വര്‍ഷങ്ങളായി നിയന്ത്രണമുണ്ടായിരുന്നു. രാജ്യത്തേക്കുള്ള വിദേശികളുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് നടപ്പാക്കിയ നിയന്ത്രണംമൂലം പല കമ്പനികള്‍ക്കും ആവശ്യത്തിന് ജോലിക്കാരെ ലഭിക്കുന്നില്ളെന്ന പരാതി വ്യാപകമായിരുന്നു. വിദേശ തൊഴിലാളികളെ വാണിജ്യ സന്ദര്‍ശക വിസയില്‍ കൊണ്ടുവന്ന് തൊഴില്‍വിസയിലേക്ക് മാറ്റിയാണ് കമ്പനികള്‍ പലപ്പോഴും ഇത് മറികടന്നിരുന്നത്.
 കാര്‍ഷിക വിസകളിലും മറ്റുമത്തെി പിന്നീട് ജോലികണ്ടത്തെിയശേഷം കമ്പനി വിസകളിലേക്ക് മാറുന്നവരുമുണ്ടായിരുന്നു. എന്നാല്‍, പല ഘട്ടങ്ങളിലും ഇത്തരം നടപടിക്രമങ്ങള്‍ക്ക് അധികൃതര്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിനാല്‍ കമ്പനികളും തൊഴിലന്വേഷകരും ഒരുപോലെ പ്രയാസപ്പെടുന്ന അവസ്ഥയായിരുന്നു. പ്രാദേശിക വിപണിയില്‍ വിദഗ്ധരായ തൊഴിലാളികള്‍ ആവശ്യത്തിനനുസരിച്ച് ലഭ്യമാവാത്തതും കമ്പനികളെ കുഴക്കി. ഇതുസംബന്ധിച്ച പരാതികള്‍ വിവിധ ഭാഗങ്ങളില്‍നിന്ന് വ്യാപകമായതിനെ തുടര്‍ന്നാണ് വിദേശ റിക്രൂട്ട്മെന്‍റ് നിയന്ത്രണം എടുത്തുകളയാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.