ജല, വൈദ്യുതി നിരക്ക് വര്‍ധന വിദേശികള്‍ക്ക് കനത്ത ആഘാതം

കുവൈത്ത് സിറ്റി: പാര്‍ലമെന്‍റില്‍ ആദ്യവായനയില്‍ ബില്‍ പാസായതോടെ രാജ്യത്ത് ജല, വൈദ്യുതി നിരക്ക് വര്‍ധനക്ക് വഴിതെളിയുന്നു. സ്വദേശികള്‍ക്ക് ആശ്വാസം പകരുന്ന ഭേദഗതിയോടെയാണ് ബില്‍ അംഗീകരിക്കപ്പെട്ടതെങ്കില്‍ വിദേശികള്‍ക്ക് കനത്ത തിരിച്ചടിയാവുന്ന വിധത്തിലാണ് വര്‍ധന. 17നെതിരെ 31 വോട്ടുകള്‍ക്കാണ് പാര്‍ലമെന്‍റ് ബില്‍ പാസാക്കിയത്. 
രണ്ടാമത്തെതും അവസാനത്തേതുമായ വായനക്കായി ബില്‍ രണ്ടാഴ്ചക്കകം ഒരിക്കല്‍കൂടി പാര്‍ലമെന്‍റിലത്തെും. അന്തിമ അംഗീകാരം ലഭിക്കുന്നതോടെ അമീറിന്‍െറ അനുമതിയോടെ ഒൗദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചാല്‍ ബില്‍ നിയമമാവും. 50 വര്‍ഷത്തിനുശേഷമാണ് കുവൈത്തില്‍ ജല, വൈദ്യുതിനിരക്ക് വര്‍ധനക്ക് അരങ്ങൊരുങ്ങുന്നത്. 1966ലാണ് അവസാനമായി നിരക്ക് വര്‍ധിപ്പിച്ചത്.
 സര്‍ക്കാര്‍ മുന്നോട്ടുവെച്ച വര്‍ധനാ നിര്‍ദേശം തുടക്കത്തില്‍ എം.പിമാരില്‍ ഭൂരിപക്ഷവും എതിര്‍ത്തുവെങ്കിലും ധനകാര്യസമിതി മുന്നോട്ടുവെച്ച സ്വദേശികള്‍ക്കുള്ള ഇളവ് അംഗീകരിക്കാന്‍ ഒടുവില്‍ സര്‍ക്കാര്‍ തയാറായതോടെ തടസ്സം നീങ്ങുകയായിരുന്നു. ഉപഭോക്താക്കളെ നാലു വിഭാഗങ്ങളാക്കി തിരിച്ചാണ് വൈദ്യുതിനിരക്ക് വര്‍ധനാ ശിപാര്‍ശ സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നത്. സ്വകാര്യ (സ്വദേശി) വീടുകള്‍, ഇന്‍വെസ്റ്റ്മെന്‍റ് വീടുകള്‍ (വിദേശികള്‍ക്ക് വാടകക്ക് നല്‍കുന്ന വീടുകളും അപ്പാര്‍ട്ട്മെന്‍റുകളും ഇതിലാണ് വരിക), വാണിജ്യ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ എന്നിവയാണ് നാലുവിഭാഗങ്ങള്‍. സ്വദേശി വീടുകള്‍ക്ക് 3,000 കിലോവാട്ട് വരെ കിലോവാട്ടിന് മൂന്നു ഫില്‍സ്, 3,000 മുതല്‍ 6,000 കിലോവാട്ട് വരെ എട്ടു ഫില്‍സ്, 6,000 മുതല്‍ 9,000 കിലോവാട്ട് വരെ 10 ഫില്‍സ്, 9,000 കിലോവാട്ടിനുമുകളില്‍ 15 ഫില്‍സ് എന്നിങ്ങനെയും വാടകവീടുകള്‍ക്കും അപ്പാര്‍ട്ട്മെന്‍റുകള്‍ക്കും 1,000 കിലോവാട്ട് വരെ അഞ്ചു ഫില്‍സ്, 1,000 മുതല്‍ 2,000 കിലോവാട്ട് വരെ എട്ടു ഫില്‍സ്, 2,000 മുതല്‍ 3,000 കിലോവാട്ട് വരെ 10 ഫില്‍സ്, 3,000 കിലോവാട്ടിനുമുകളില്‍ 15 ഫില്‍സ് എന്നിങ്ങനെയും വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ. വാണിജ്യസ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും 15 മുതല്‍ 25 ഫില്‍സ് വരെ വര്‍ധനയുണ്ടാവും. 
ഇതില്‍ സ്വദേശി വീടുകള്‍ക്കുള്ള വൈദ്യുതിനിരക്ക് രണ്ടു ഫില്‍സ് തന്നെയായി നിലനിര്‍ത്താനുള്ള ഭേദഗതിയോടെയാണ് പാര്‍ലമെന്‍റ് ബില്‍ അംഗീകരിച്ചത്. ഉപയോഗം എത്ര ഉയര്‍ന്നാലും ഈ വിഭാഗത്തിന് നിരക്കില്‍ മാറ്റമുണ്ടാവില്ല. ഇതോടൊപ്പം, സ്വന്തമായി വീടില്ലാത്തതിനാല്‍ അപ്പാര്‍ട്ട്മെന്‍റുകളില്‍ (ഇന്‍വെസ്റ്റ്മെന്‍റ് വീടുകള്‍) കഴിയുന്ന സ്വദേശികള്‍ക്ക് എങ്ങനെ ഇളവ് നല്‍കണമെന്ന് പാര്‍ലമെന്‍റ് ധനകാര്യ സമിതി ചര്‍ച്ചചെയ്ത് തീരുമാനിക്കാനും ധാരണയായിട്ടുണ്ട്. ബില്‍ പ്രകാരം വെള്ളത്തിന്‍െറ നിരക്കും ഇരട്ടിയോളം വര്‍ധിക്കും. വിദേശികളെയാണ് നിരക്കുവര്‍ധന പ്രധാനമായും ബാധിക്കുക. ഉപഭോഗത്തിനനുസരിച്ച് വൈദ്യുതിനിരക്ക് കിലോവാട്ടിന്  അഞ്ചു ഫില്‍സ് മുതല്‍ 15 ഫില്‍സ് വരെയാവും. 
നിലവില്‍ ഉടമതന്നെ ജല, വൈദ്യുതി ബില്‍ അടക്കുന്ന കെട്ടിടങ്ങളുണ്ട്. നിരക്കുവര്‍ധന പ്രാബല്യത്തിലായാല്‍ അവയുടെ വാടക വര്‍ധിക്കുകയാവും ഫലം. വാടകക്കാര്‍ ജല, വൈദ്യുതി ബില്‍ അടക്കുന്ന കെട്ടിടങ്ങളില്‍ വര്‍ധന നേരിട്ട് താമസക്കാരുടെ ചുമലിലാവും. മറ്റു അവശ്യ സേവനങ്ങളുടെയും സാധനങ്ങളുടെയും നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിദേശികളുടെ ജീവിതം ഒന്നുകൂടി ദുഷ്കരമാക്കുന്നതാവും ജല, വൈദ്യുതി നിരക്ക് വര്‍ധന. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.