ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍:  സ്പോണ്‍സര്‍ താല്‍ക്കാലിക ഭരണസമിതി രൂപവത്കരിച്ചു; സീനിയര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അഡ്മിനിസ്ട്രേറ്റര്‍

കുവൈത്ത് സിറ്റി: ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ഭരണസമിതി (ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്) പിരിച്ചുവിട്ട സ്പോണ്‍സര്‍ സ്കൂള്‍ പ്രവര്‍ത്തനം നിയന്ത്രിക്കാനായി അഞ്ചംഗ താല്‍ക്കാലിക ഭരണസമിതി രൂപവത്കരിച്ചു. 
ഒപ്പം, നാലു ബ്രാഞ്ചുകളുടെയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നോക്കിനടത്താനുള്ള അഡ്മിനിസ്ട്രേറ്ററായി സീനിയര്‍ ബ്രാഞ്ച് പ്രിന്‍സിപ്പല്‍ ഡോ. ബിനുമോനെ ചുമതലപ്പെടുത്തുകയും ചെയ്തു. പിരിച്ചുവിടപ്പെട്ട ഭരണസമിതിയൂടെ പേരിലുള്ള ആരോപണങ്ങളും ക്രമക്കേടുകളുമെല്ലാം അന്വേഷിക്കുകയും കണക്കുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യുകയുമാണ് താല്‍ക്കാലിക ഭരണസമിതിയുടെ പ്രഥമ ദൗത്യം. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സ്പോണ്‍സര്‍ ഹസീം അല്‍ഈസ ഭരണസമിതി പിരിച്ചുവിടുകയും സ്കൂളിന്‍െറ ഉടമസ്ഥാവകാശം സംബന്ധിച്ച് ഇടക്കാല കോടതി ഉത്തരവ് സമ്പാദിക്കുകയും ചെയ്തതോടെ സ്കൂള്‍ ഭരണസമിതിക്ക് നിയമസാധുതയില്ലാതായിരുന്നു. ഭരണസമിതി പിരിച്ചുവിട്ടതായും അംഗങ്ങള്‍ സ്കൂളില്‍ പ്രവേശിക്കരുതെന്നും വ്യക്തമാക്കുന്ന ഉത്തരവ് എത്തിയതോടെ സെക്രട്ടറിയടക്കമുള്ള ഭരണസിമിതി അംഗങ്ങള്‍ക്ക് സ്കൂളില്‍ പ്രവേശിക്കാന്‍ കഴിയാതായിരിക്കുകയാണ്. ഇതിന്‍െറ തുടര്‍ച്ചയായാണ് സ്പോണ്‍സര്‍ താല്‍ക്കാലിക ഭരണസമിതി രൂപവത്കരിച്ചിരിക്കുന്നത്. ഭരണസമിതിക്കെതിരെ പൊതുസമൂഹത്തില്‍നിന്നും ബോര്‍ഡിലെതന്നെ ചില അംഗങ്ങളില്‍നിന്നുമുയര്‍ന്ന വ്യാപകമായ പരാതികളെ തുടര്‍ന്നാണ് സ്പോണ്‍സര്‍ ഇടപെട്ടത്. ഭരണസമിതിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ബോര്‍ഡിന്‍െറ പ്രവര്‍ത്തനങ്ങള്‍  മരവിപ്പിക്കുന്നതായും അറിയിച്ച് സ്പോണ്‍സര്‍ ഭരണസമിതി ചെയര്‍മാന്‍ എസ്.കെ. വാധ്വാന് കത്ത് കൈമാറിയിരുന്നു.
 ഇത് അംഗീകരിക്കാനാവില്ളെന്ന് ചെയര്‍മാന്‍ മറുപടി നല്‍കിയതോടെ കഴിഞ്ഞമാസം 24ന് സ്പോണ്‍സര്‍ സ്കൂളിലെ ബോര്‍ഡ് റൂം അടച്ചുപൂട്ടിയിരുന്നു. ഇരുവിഭാഗവും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അയഞ്ഞ സ്പോണ്‍സര്‍ രണ്ടുദിവസത്തിനുശേഷം ബോര്‍ഡ് റൂം തുറന്നുകൊടുത്തിരുന്നു. എന്നാല്‍, നിലവിലെ ഭരണസമിതിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ തുടര്‍ന്നും ഉയര്‍ന്നതോടെ സ്പോണ്‍സര്‍ നിയമപരമായി നീങ്ങുകയായിരുന്നു. 
സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ മഹ്ബൂലയില്‍ അനുവദിച്ച സ്ഥലത്തിന്‍െറ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സ്പോണ്‍സറുടെ നീക്കങ്ങള്‍ക്കുപിറകില്‍ എന്നാണ് ഭരണസമിതി തലപ്പത്തുള്ളവര്‍ പറയുന്നത്. ഇന്ത്യന്‍ സമൂഹത്തിന്‍െറ കൈയില്‍നിന്ന് സ്കൂള്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് സ്പോണ്‍സറുടെ നീക്കങ്ങള്‍ കൊണ്ടത്തെിക്കുകയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്‍െറ പൊതുസ്വത്തായി കണക്കാക്കപ്പെടുന്ന കമ്യൂണിറ്റി സ്കൂളിന്‍െറ ഭരണവുമായി ബന്ധപ്പെട്ട് നേരത്തെയും പലതരത്തിലുള്ള വിവാദങ്ങളും ഉയര്‍ന്നിരുന്നു. കാലാവധി കഴിഞ്ഞിട്ടും പല കാരണങ്ങള്‍ പറഞ്ഞ് ഭരണത്തില്‍ തുടരുകയും ഭരണസമിതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ മാറ്റിനിര്‍ത്തുകയും ചെയ്യുന്ന നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നതെന്ന് ഭരണസമിതി അംഗങ്ങളടക്കം ആരോപിച്ചിരുന്നു. 
25 ലക്ഷം ദീനാറോളം ബാങ്ക് ബാലന്‍സുള്ള സ്കൂളിന്‍െറ പേരില്‍ പലവിധ സാമ്പത്തിക ക്രമക്കേടുകളും നടക്കുന്നതായി ഭരണസമിതി അംഗങ്ങള്‍ക്കും തലപ്പത്തുള്ളവര്‍ക്കുമെതിരെ ആരോപണം ഉയരുകയും ചെയ്തിരുന്നു. സ്പോണ്‍സറും ഭരണസമിതിയും തമ്മിലെ പ്രശ്നങ്ങള്‍ ഇത്രത്തോളം ആയതോടെ സീനിയര്‍, ജൂനിയര്‍, അമ്മാന്‍, ഖൈത്താന്‍ ബ്രാഞ്ചുകളിലായി 7,000ത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളിന്‍െറ ഭാവിയില്‍ ആശങ്കാകുലരാണ് രക്ഷിതാക്കളും ഇന്ത്യന്‍ സമൂഹവും. എംബസിയും സമൂഹത്തിലെ പ്രമുഖരും വിഷയത്തില്‍ ഇടപെട്ട് രമ്യമായ പരിഹാരമുണ്ടാക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.