ഒരുലക്ഷം ഇഖാമ നിയമലംഘകരെ  നാടുകടത്താനൊരുങ്ങുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഒരുലക്ഷം റെസിഡന്‍സി നിയമലംഘകരെ നാടുകടത്താനൊരുങ്ങുന്നു. മുഴുവന്‍ നിയമലംഘകരെയും കണ്ടത്തെി നടപടിയെടുക്കാനുള്ള സമഗ്ര കര്‍മപദ്ധതിക്കാണ് മന്ത്രാലയം ഒരുങ്ങുന്നത്. ഇതിനുള്ള ആദ്യ നടപടിക്രമങ്ങള്‍ ഉന്നതതലത്തില്‍ ആരംഭിച്ചുകഴിഞ്ഞു. സന്ദര്‍ശന വിസക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. 
ഇഖാമ നിയമം ലംഘിച്ചുകഴിയുന്നവരെ മുഴുവന്‍ പിടികൂടി നാടുകടത്താനായി വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടേയും സഹകരണത്തോടെ പ്രത്യേക പദ്ധതി നടപ്പാക്കാനാണ് നീക്കം. സന്ദര്‍ശക വിസയുടെ കാലാവധി പുതുക്കി രാജ്യത്തു തങ്ങുന്നവരുടെ കാര്യത്തിലും നടപടിയുണ്ടാകും. 70,000ത്തോളം സന്ദര്‍ശകര്‍ ഇത്തരത്തില്‍ രാജ്യത്തു തങ്ങുന്നതായാണ് കണക്ക്. ആഭ്യന്തര മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും സാമൂഹികക്ഷേമ മന്ത്രാലയവും മാനവവിഭവശേഷിയുമായി ബന്ധപ്പെട്ട പബ്ളിക് അതോറിറ്റിയും ചേര്‍ന്നുള്ള സംയുക്തനീക്കത്തിനാണ് അരങ്ങൊരുങ്ങുന്നത്. സന്ദര്‍ശന വിസ അനുവദിക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 
അനധികൃത താമസക്കാരെ പിടികൂടാനുള്ള പരിശോധന റമദാന്‍ ഇടവേളക്കുശേഷം വീണ്ടും സജീവമാക്കിയിട്ടുണ്ട്. സാല്‍മിയ, മെഹ്ബൂല എന്നിവിടങ്ങളില്‍ നടന്ന പരിശോധനകളില്‍ നിരവധി പേരാണ് പിടിയിലായത്. ശനിയാഴ്ച ജഹ്റ വ്യാവസായിക മേഖലയിലായിരുന്നു റെയ്ഡ്. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ ഫഹദ് അല്‍ ഫഹദിന്‍െറ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വന്‍ സന്നാഹങ്ങളുമായാണ് പൊലീസ് പരിശോധന നടത്തുന്നത്. അതേസമയം, അവസരം മുതലെടുത്ത് പണം സമ്പാദിക്കാന്‍ വിസക്കച്ചവടക്കാരും കോപ്പുകൂട്ടുന്നതായി റിപ്പോര്‍ട്ടുണ്ട്. 
വിസക്കച്ചവടവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഇതും അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
 ഇത്തരത്തില്‍ പരസ്യം ചെയ്ത കുവൈത്തി വനിതക്കെതിരെയും സ്പോണ്‍സറായ നിയമസ്ഥാപനത്തിനെതിരെയും നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ളിക് റിലേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആദില്‍ ഹശാശ് പറഞ്ഞു. കമ്പനിയെ തൊഴിലാളികളെ സ്പോണ്‍സര്‍ ചെയ്യുന്നതില്‍നിന്ന് എന്നന്നേക്കുമായി വിലക്കിയേക്കും. സ്പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടിയതുമായി ബന്ധപ്പെട്ട കേസുകളിലെ നിജസ്ഥിതി പരിശോധിക്കാന്‍ പരിപാടിയുണ്ട്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.