കുവൈത്ത് സിറ്റി: ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതില്‍നിന്ന് രാജ്യത്തെ വിലക്കിയ ഇന്‍റര്‍നാഷനല്‍ ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) തീരുമാനത്തിനെതിരെ കുവൈത്ത് സമര്‍പ്പിച്ച ഹരജി സ്വിസ് കോടതി തള്ളി. അതേസമയം, വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ ബുധനാഴ്ച മുതല്‍ ഒരുമാസം കുവൈത്തിന് സമയം അനുവദിച്ചിട്ടുണ്ട്.
രാജ്യത്തെ വിലക്കിയത് കടുത്ത അനീതിയാണെന്നും രാജ്യത്തിന് വന്‍ സാമ്പത്തികനഷ്ടം ഉണ്ടായെന്നുമുള്ള വാദം ചൂണ്ടിക്കാട്ടിയാണ് കുവൈത്ത് ഇന്‍റര്‍നാഷനല്‍ ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്വിറ്റ്സര്‍ലന്‍ഡിലെ കാന്‍റണിലെ സിവില്‍ കോടതിയില്‍ കേസ് നല്‍കിയത്. നൂറുകോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കുവൈത്ത് പരാതി നല്‍കിയത്. സ്വിസ് നഗരമായ ലോസാനില്‍ 2015 ഒക്ടോബര്‍ 27ന് ചേര്‍ന്ന ഐ.ഒ.സി നിര്‍വാഹക സമിതിയാണ് കുവൈത്ത് ഒളിമ്പിക് കമ്മിറ്റിയെ സസ്പെന്‍ഡ് ചെയ്തത്. സര്‍ക്കാര്‍ ഇടപെടലുകളില്‍നിന്ന് കുവൈത്തിലെ കായികമേഖലയെ രക്ഷിക്കാനാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നായിരുന്നു ഒളിമ്പിക് കമ്മിറ്റിയുടെ വിശദീകരണം. ഒളിമ്പിക് ചാര്‍ട്ടര്‍ പ്രകാരമുള്ള രാജ്യാന്തര ഒളിമ്പിക് വേദികളിലൊന്നും പങ്കെടുക്കാന്‍ സാധ്യമാവാത്തവിധമാണ് സസ്പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്.
ഇതനുസരിച്ച് റിയോ ഒളിമ്പിക്സിലും കുവൈത്തിന് പ്രാതിനിധ്യമില്ല. എന്നാല്‍, യോഗ്യത നേടിയ ഏഴ് കായികതാരങ്ങള്‍ ഒളിമ്പിക് പതാകക്ക് കീഴില്‍ മത്സരിക്കുന്നുണ്ട്. സിഡ്നിയിലും ലണ്ടനിലും വെങ്കല മെഡല്‍ നേടിയ ഫഹദ് അല്‍ ദൈഹാനി ഉള്‍പ്പെടെ ആറു ഷൂട്ടര്‍മാരും ഒരു ഫെന്‍സിങ് താരവുമാണ് റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. ഖാലിദ് അല്‍ മുദഫ്, അബ്ദുറഹ്മാന്‍ അല്‍ ഫൈഹാന്‍, അഹ്മദ് അല്‍ അഫാസി എന്നിവര്‍ ട്രാപ് വിഭാഗത്തിലും അബ്ദുല്ല അല്‍ റഷീദി സ്കീറ്റ് വിഭാഗത്തിലും യോഗ്യത നേടിയിട്ടുണ്ട്. വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഇവര്‍ക്ക് മാതൃരാജ്യത്തെ പ്രതിനിധാനംചെയ്യാനാവില്ല. മെഡല്‍ നേടിയാലും രാജ്യത്തിന്‍െറ പട്ടികയില്‍ ഉള്‍പ്പെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.