കുവൈത്ത് സിറ്റി: സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി ഇന്ത്യയില്‍നിന്നുള്ള നഴ്സിങ് നിയമനം സര്‍ക്കാര്‍ ഏജന്‍സികള്‍വഴി മാത്രമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും കരാര്‍ അടിസ്ഥാനത്തിലുള്ള റിക്രൂട്ട്മെന്‍റ് ഇപ്പോഴും തുടരുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.
അംഗീകൃത റിക്രൂട്ട്മെന്‍റിനായി കേരള സര്‍ക്കാറിന്‍െറ കീഴിലുള്ള നോര്‍ക്ക റൂട്ട്സ്, ഓവര്‍സീസ് ഡെവലപ്മെന്‍റ് ആന്‍ഡ് എംപ്ളോയ്മെന്‍റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്‍റ്സ് (ഒഡാപെക്), തമിഴ്നാട്ടിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ എന്നീ ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കേന്ദ്രസര്‍ക്കാറിന്‍െറ കീഴിലുള്ള ഇ-മൈഗ്രേറ്റ് സംവിധാനംവഴി മാത്രം നിയമിക്കാനായിരുന്നു ധാരണ. വിദേശങ്ങളിലേക്കുള്ള നഴ്സിങ് നിയമനത്തിനായി സ്വകാര്യ ഏജന്‍സികള്‍ ലക്ഷങ്ങള്‍ കൈക്കൂലി ഈടാക്കുന്നതായി കണ്ടത്തെിയതിനെ തുടര്‍ന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ റിക്രൂട്ടിങ് അധികാരം സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്.
ആരോഗ്യമന്ത്രാലയ ഒഴിവുകളിലേക്ക് കുവൈത്തിലെയും ഇന്ത്യയിലെയും സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി പ്രതിവര്‍ഷം ഉണ്ടാകുന്ന ആയിരത്തിലധികം ഒഴിവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളിലൂടെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്കാണ് തുടക്കം കുറിച്ചിരുന്നത്. കുവൈത്ത് ആരോഗ്യമന്ത്രാലയ പ്രതിനിധികള്‍ നേരിട്ടത്തെി ലൈസന്‍സിങ് ടെസ്റ്റും ഇന്‍റര്‍വ്യൂവും നടത്തി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, കുറഞ്ഞ ശമ്പളത്തിന് കരാര്‍ അടിസ്ഥാനത്തില്‍ നഴ്സുമാരെ നിയമിക്കുന്നത് നിര്‍ബാധം തുടരുന്നുണ്ടെന്നാണ് വിവരം. ഇങ്ങനെ നിയമിക്കപ്പെട്ട 30 മലയാളികളടക്കം 33 ഇന്ത്യന്‍ നഴ്സുമാര്‍ക്ക് കഴിഞ്ഞദിവസം ജോലി നഷ്ടമായിരുന്നു. കരാര്‍ കാലാവധിയായതോടെ പിരിഞ്ഞുപോവാന്‍ ഇവര്‍ക്ക് നോട്ടീസ് ലഭിക്കുകയായിരുന്നു.
യാക്കു എന്ന കമ്പനിക്ക് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ക്കാണ് ജോലി നഷ്ടമായത്. ആരോഗ്യ മന്ത്രാലയത്തില്‍ രണ്ടുതരം നഴ്സുമാരാണുള്ളത്. മിനിസ്ട്രി വിസയിലുള്ള സ്ഥിരം ജീവനക്കാര്‍ക്ക് 700 ദീനാര്‍ വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമെല്ലാമുണ്ട്. എന്നാല്‍, കരാര്‍ ജീവനക്കാര്‍ക്ക് കരാര്‍ കമ്പനി നല്‍കുന്ന തുച്ഛമായ ശമ്പളം മാത്രമാണുണ്ടാവുക. അഞ്ചുവര്‍ഷത്തേക്ക് നിയമനം നല്‍കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നാട്ടില്‍നിന്നുള്ള ഏജന്‍സി നഴ്സുമാരെ കുവൈത്തില്‍ കൊണ്ടുവന്നത്. ഇവരില്‍നിന്ന് അഞ്ചുമുതല്‍ ഏഴുലക്ഷം വരെ രൂപ ഈടാക്കിയിട്ടുണ്ട്. കരാര്‍ രേഖകളില്‍ കാലാവധി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പുതുക്കുമെന്നായിരുന്നു പ്രതീക്ഷ. അധികപേരും ബാങ്ക് വായ്പയെടുത്താണ് ഏജന്‍റിന് തുക നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.