വിദഗ്ധ തൊഴിലാളികളെ ഇനിയുമൊരുപാട് വേണം –കുവൈത്ത് തൊഴില്‍ മന്ത്രി

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദഗ്ധ തൊഴിലാളികളെ ഇനിയുമൊരുപാട് ആവശ്യമുണ്ടെന്ന തൊഴില്‍മന്ത്രിയുടെ പ്രസ്താവന വിദേശത്ത് ജോലി തേടുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രതീക്ഷയേകുന്നു. രാജ്യത്ത് സന്ദര്‍ശനത്തിനത്തെിയ മലാവി തൊഴില്‍ മന്ത്രി ഹിന്‍സി മൂസയുമായി ഞായറാഴ്ച നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തൊഴില്‍-സാമൂഹിക ക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ നടക്കുന്നതും ഭാവിയില്‍ നടക്കേണ്ടതുമായ വന്‍കിട വികസന പദ്ധതികള്‍ക്കായി നിരവധി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യേണ്ടി വരും. കുവൈത്തില്‍ മെട്രോ, റെയില്‍വേ വികസന പദ്ധതിയില്‍ സ്വകാര്യമേഖലയില്‍ നടത്താനുള്ള ആലോചന വിദേശികളായ തൊഴിലന്വേഷകര്‍ക്ക് ശുഭപ്രതീക്ഷ നല്‍കുന്നതാണ്. പൊതുമേഖലയിലെ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യമേഖലയിലാണ് വിദേശികള്‍ക്ക് കൂടുതല്‍ സാധ്യത. മെട്രോ, റെയില്‍വേ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. വിവിധ രാജ്യങ്ങള്‍ ഇതില്‍ കണ്ണുവെച്ച് തുടങ്ങിയിട്ടുണ്ട്. പുതിയ തൊഴിലവസരങ്ങളിലേക്ക് തങ്ങളുടെ പൗരന്മാരെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് രാജ്യങ്ങള്‍ നയതന്ത്രതലത്തില്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഒമാന്‍, യു.എ.ഇ, സൗദി, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജി.സി.സി റെയില്‍വേ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2018 ആരംഭത്തോടെ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 25 ബില്യന്‍ ഡോളര്‍ ചെലവ് കണക്കാക്കുന്ന ബൃഹത് പദ്ധതിയാണിത്. ഇതിന്‍െറ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി 500 കിലോമീറ്ററാണ് കുവൈത്ത് മെട്രോ റെയിലിന്‍െറ നീളം കണക്കാക്കിയിരിക്കുന്നത്. ആറ് ഗവര്‍ണറേറ്റുകളിലൂടെയും കടന്നുപോകുന്ന പദ്ധതിയില്‍ 90 സ്റ്റേഷനുകളുണ്ടാവും. രാജ്യം നിലവില്‍ അഭിമുഖീകരിക്കുന്ന ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഏറെ സഹായകമാവും കുവൈത്ത് മെട്രോപൊളിറ്റന്‍ റാപിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റം പ്രൊജക്റ്റ് (കെ.എം.ആര്‍.ടി.പി) എന്ന മെട്രോ പദ്ധതിയെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. വാര്‍ത്താവിനിമയ മന്ത്രാലയത്തിന്‍െറ മേല്‍നോട്ടത്തില്‍ പാര്‍ട്ണര്‍ഷിപ് ടെക്നിക്കല്‍ ബ്യൂറോ (പി.ടി.ബി) ആണ് പബ്ളിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ് (പി.പി.പി) അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.