നാട്ടിലയക്കുന്ന പണത്തിന് നികുതി: മുന്നറിയിപ്പുമായി  ഐ.എം.എഫ് വീണ്ടും

കുവൈത്ത് സിറ്റി: വിദേശികള്‍ നാട്ടിലയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഇന്‍റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് വീണ്ടും രംഗത്ത്. നടപടി വിപരീത ഫലമുണ്ടാക്കുമെന്നും പ്രതീക്ഷിക്കുന്ന ഒരു നേട്ടവും ഇതുകൊണ്ട് ജി.സി.സി രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥക്ക് ലഭിക്കുകയില്ളെന്നും അന്താരാഷ്ട്ര നാണയനിധി വ്യക്തമാക്കി.
 ഗള്‍ഫ് മേഖലയില്‍നിന്ന് വിദേശികള്‍ പ്രതിവര്‍ഷം നാട്ടില്‍ അയക്കുന്നത് ഏകദേശം 84.4 ബില്യണ്‍ ഡോളറാണ്. ഈ രാജ്യങ്ങളിലെ ആഭ്യന്തര ഉല്‍പാദനത്തിന്‍െറ മൂന്ന് ശതമാനം മാത്രമാണ് വിദേശികള്‍ ശമ്പളമായി പറ്റുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് നികുതി ചുമത്തിയാല്‍ സര്‍ക്കാര്‍ ഖജനാവുകളില്‍ എത്തുക ഗള്‍ഫ് രാജ്യങ്ങളിലെ മൊത്തം വരുമാനത്തിന്‍െറ 0.3 ശതമാനം മാത്രമാവും. സമ്പദ് വ്യവസ്ഥയില്‍ നേരിയ ചലനം സൃഷ്ടിക്കാന്‍പോലും ഈ തുകകൊണ്ട് കഴിയില്ളെന്നും നികുതി ചുമത്തല്‍ നടപ്പാക്കാനുള്ള ഭരണച്ചെലവ് കൂടി കണക്കാക്കിയാല്‍ നേട്ടം നിസ്സാരമായിരിക്കുമെന്നും ഐ.എം.എഫ് വിലയിരുത്തി. 
ചെറിയ നേട്ടത്തിന് വേണ്ടി നികുതി അടിച്ചേല്‍പിച്ചാല്‍ വിദേശികളെ ആകര്‍ഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ പിറകോട്ടുപോവുന്ന സാഹചര്യം സൃഷ്ടിക്കുന്നത് ബുദ്ധിപരമല്ളെന്നും ഐ.എം.എഫ് വ്യക്തമാക്കി. വിദേശികള്‍ അയക്കുന്ന പണത്തിന് അഞ്ചു ശതമാനം വരെ നികുതി ചുമത്താനാണ് പ്രത്യേക സമിതിയുടെ പഠന റിപ്പോര്‍ട്ടിലുള്ളത്. 100 ദീനാറില്‍ കുറവുള്ള സംഖ്യയാണ് അയക്കുന്നതെങ്കില്‍ രണ്ടു ശതമാനം, 100 ദീനാറിനും 500 ദീനാറിനും ഇടക്കുള്ള തുകയാണെങ്കില്‍ നാലു ശതമാനം, 500 ദീനാറിനുമുകളിലുള്ള സംഖ്യയാണെങ്കില്‍ അഞ്ചു ശതമാനം എന്നിങ്ങനെ നികുതി ഈടാക്കണമെന്നാണ് കരടുനിര്‍ദേശത്തിലുള്ളത്. ധനമന്ത്രാലയം പുറത്തിറക്കുന്ന സ്റ്റാമ്പുകള്‍ വഴിയായിരിക്കണം നികുതി സമാഹരണം, ഇവ അംഗീകാരമുള്ള എക്സ്ചേഞ്ച് കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും ലഭ്യമാക്കണം, ഇതുവഴിയല്ലാതെ പണമയക്കുന്നവര്‍ക്ക് ആറുമാസം വരെ തടവും 10,000 ദീനാറില്‍ കൂടാത്ത പിഴയും ശിക്ഷയായി നല്‍കണം തുടങ്ങിയ ശിപാര്‍ശകളും കരടുനിര്‍ദേശത്തിലുണ്ട്. 
വിദേശ തൊഴിലാളിക്ക് ഒരു മാസം നാട്ടിലേക്ക് അയക്കാവുന്ന പരാമാവധി തുക അയാളുടെ ശമ്പളത്തിന് സമാനമാക്കി പരിമിതപ്പെടുത്താനും ആലോചനയുണ്ട്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.