ഉപ തെരഞ്ഞെടുപ്പ്: 12 പ്രചാരണ ടെന്‍റുകള്‍ക്ക്  മുനിസിപ്പല്‍ അനുമതി

കുവൈത്ത് സിറ്റി: ശക്തമായ തണുപ്പിനുശേഷം രാജ്യം മൂന്നാം മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിന്‍െറ ചൂടിലേക്ക്. എം.പി നബീല്‍ അല്‍ ഫാദിലിന്‍െറ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പാര്‍ലമെന്‍റിന്‍െറ മൂന്നാം മണ്ഡലത്തിലെ സീറ്റിലേക്ക് ഈമാസം 20നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിര്‍ദേശ പത്രികാസമര്‍പ്പണവും അവ പിന്‍വലിക്കാനുള്ള അവസരവും കഴിഞ്ഞെങ്കിലും ചിലയിടങ്ങളില്‍ ബോര്‍ഡുകള്‍ തൂങ്ങിയതൊഴിച്ചാല്‍ പരസ്യ പ്രചാരണത്തിലൂടെ തെരഞ്ഞെടുപ്പുരംഗം ഇതുവരെ ചൂടുപിടിച്ചിട്ടില്ല. മുനിസിപ്പാലിറ്റിയില്‍നിന്ന് അനുമതിലഭിച്ച് തെരഞ്ഞെടുപ്പ് ടെന്‍റുകള്‍ ഉയരാന്‍ താമസംവന്നതാണ് ഇതിന് കാരണം. അതിനിടെ, വിവിധ സ്ഥാനാര്‍ഥികള്‍ക്കുള്ള 12 തെരഞ്ഞെടുപ്പ് പ്രചാരണ ടെന്‍റുകള്‍ക്ക് കഴിഞ്ഞദിവസം മുനിസിപ്പാലിറ്റി അനുമതി നല്‍കുകയുണ്ടായി. മൊത്തം സ്ഥാനാര്‍ഥികള്‍ക്കുവേണ്ട ടെന്‍റുകളുടെ 29 ശതമാനം മാത്രമേ ഇതുവരൂ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനനുസരിച്ച് മറ്റ് സ്ഥാനാര്‍ഥികള്‍ക്കുള്ള തെരഞ്ഞെടുപ്പ് ടെന്‍റുകളും ഉടന്‍ ഉയരും. കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ അഞ്ചും ഹവല്ലി ഗവര്‍ണറേറ്റില്‍ ആറും ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ ഒരു ടെന്‍റിനുമാണ് ഇപ്പോള്‍ അനുമതി. 500 ദീനാര്‍ നേരത്തേ കെട്ടിവെച്ചുവേണം ഇത്തരം പ്രചാരണ ടെന്‍റുകള്‍ക്കുള്ള അനുമതി മുനിസിപ്പാലിറ്റിയില്‍നിന്ന് കരസ്ഥമാക്കാന്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞുടന്‍ സ്ഥലം വൃത്തിയാക്കി പഴയതുപോലെ ആയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയശേഷം ഈ തുക തിരിച്ചുകൊടുക്കുകയാണ് ചെയ്യുക. കാപിറ്റല്‍, ഹവല്ലി, ഫര്‍വാനിയ എന്നീ ഗവര്‍ണറേറ്റുകളിലെ ചില ഭാഗങ്ങള്‍ കൂടിച്ചേര്‍ന്നതാണ് മൂന്നാം പാര്‍ലമെന്‍റ് മണ്ഡലം. രണ്ടു വനിതകളടക്കം 49 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.