യു.എന്‍ പശ്ചിമേഷ്യ സമാധാന പദ്ധതി തുടരണം –കുവൈത്ത് 

കുവൈത്ത് സിറ്റി: മേഖലയിലെ സമാധാനത്തിന് അനിവാര്യമായ പശ്ചിമേഷ്യ സമാധാന പദ്ധതി തുടരുന്നതിന് ഐക്യരാഷ്ട്രസഭ നിശ്ചയദാര്‍ഢ്യം കാണിക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. ആറു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഫലസ്തീന്‍ പ്രശ്നം ശാശ്വത പരിഹാരമില്ലാതെ തുടരുകയാണ്. 
നിരവധി പ്രമേയങ്ങള്‍ ഐക്യരാഷ്ട്രസഭ ഇതുസംബന്ധമായി പാസാക്കിയിട്ടും ഒന്നും നടപ്പായിട്ടില്ല -ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഇതുസംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് കുവൈത്ത് അംബാസഡര്‍ മന്‍സൂര്‍ അല്‍ഉതൈബി ചൂണ്ടിക്കാട്ടി. ഇസ്രായേലിന്‍െറ ധാര്‍ഷ്ഠ്യവും കടുംപിടിത്തവുമാണ് പ്രശ്നപരിഹാരത്തിന് പ്രധാന തടസ്സം. ലോകരാജ്യങ്ങളും ഐക്യരാഷ്ട്രസഭയുമാവട്ടെ ഇതിനെതിരെ ഒന്നും ചെയ്യുന്നുമില്ല. ഫലസ്തീനില്‍ കൂട്ടക്കശാപ്പ് നടക്കുമ്പോള്‍ മാത്രം ലോകത്ത് പ്രതിഷേധമുയരും. ഇതുതന്നെ ഇസ്രായേലിന്‍െറ അനീതിക്കെതിരായ നിലപാടിന് കാരണമാവാറുമില്ല -ഉതൈബി പറഞ്ഞു. 
ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് 2014 ഡിസംബര്‍ 30ന് അറബ് രാജ്യങ്ങള്‍ അവതരിപ്പിച്ച കരടുപ്രമേയം. മൂന്നു വര്‍ഷത്തിനകം ഇസ്രായേല്‍, കൈവശപ്പെടുത്തിയ ഫലസ്തീന്‍ പ്രദേശങ്ങളില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെടുന്ന പ്രമേയം രക്ഷാസമിതിയില്‍ പരാജയപ്പെട്ടു. ഇത് കുടിയേറ്റവും അധിനിവേശവും തുടരാന്‍ കളമൊരുക്കി. 
കിഴക്കന്‍ ജറൂസലമിലടക്കം ഇസ്രായേലിന്‍െറ അനധികൃത കുടിയേറ്റവും ഇടപെടലുകളും നിര്‍ബാധം തുടരുകയാണ്. ഒപ്പം, ഗസ്സ ചീന്തില്‍ ജനജീവിതം ദുസ്സഹമാക്കുന്നതിനുള്ള നടപടികളും ഉണ്ടാവുന്നു. ഇതിനെതിരെയൊന്നും ഐക്യരാഷ്ട്രസഭ പ്രതികരിക്കുന്നുപോലുമില്ല -ഉതൈബി പറഞ്ഞു. 
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള ഫലസ്തീന്‍െറ ശ്രമങ്ങള്‍ക്ക് പ്രതികാരമായി ഫലസ്തീന്‍ പ്രദേശത്തുനിന്ന് പിരിച്ച നികുതി കൈമാറാന്‍ ഇസ്രായേല്‍ വിസമ്മതിച്ചതാണ് നീതിനിഷേധത്തില്‍ ഒടുവിലത്തേത്. ഇതും ആരും കണക്കിലെടുത്തിട്ടില്ല. അതേസമയം, ഫലസ്തീനെ അംഗീകരിക്കാനുള്ള യൂറോപ്യന്‍ പാര്‍ലമെന്‍റിന്‍െറയും സ്വീഡന്‍ പോലുള്ള രാജ്യങ്ങളുടെയും തീരുമാനത്തെ കുവൈത്ത് അഭിനന്ദിക്കുന്നതായി ഉതൈബി വ്യക്ത
മാക്കി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.