അബ്ദലി ചാരസെല്‍ കേസ്:  രണ്ടുപേര്‍ക്ക് വധശിക്ഷ

കുവൈത്ത് സിറ്റി: രാജ്യസുരക്ഷാ രംഗത്തെ പ്രമാദമായ അബ്ദലി ചാരസെല്‍ കേസില്‍ വിചാരണക്കോടതി വിധി പ്രഖ്യാപിച്ചു. രാജ്യത്തെ തകര്‍ക്കാന്‍ അന്യരാജ്യവുമായും തീവ്രവാദ സംഘടനയുമായും ചേര്‍ന്ന് ചാരപ്രവര്‍ത്തനം നടത്തിയ കേസിലെ 25 പ്രതികളില്‍ രണ്ടുപേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. 
ഒന്നാം പ്രതിക്കും 23ാം പ്രതിക്കുമാണ് വധശിക്ഷ. മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച കോടതി 15 പ്രതികള്‍ക്ക് 15 വര്‍ഷം തടവാണ് വിധിച്ചത്. ഒരു പ്രതിക്ക് അഞ്ചുവര്‍ഷവും മറ്റൊരു പ്രതിക്ക് 10 വര്‍ഷവും തടവുണ്ട്. 
സംഭവവുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിനുവേണ്ട തെളിവുകളുടെ അഭാവത്തില്‍ മറ്റു പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. 
ജസ്റ്റിസ് മുഹമ്മദ് അല്‍ ദഈജിന്‍െറ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന കുറ്റാന്വേഷണ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവം നടത്തിയത്. സ്ഥിരതയിലും ഐക്യത്തിലും മുന്നോട്ടുപോകുന്ന രാജ്യത്ത് പുറമെയുള്ളവരുമായി ചേര്‍ന്ന് അസ്ഥിരത ഉണ്ടാക്കാന്‍ ശ്രമിച്ചത് ഗൗരവമായാണ് കാണുന്നതെന്ന് വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് കോടതി വ്യക്തമാക്കി. 
കേസിന്‍െറ പ്രാധാന്യം കണക്കിലെടുത്ത് പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ തന്നെയാണ് നല്‍കുന്നതെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് മുഹമ്മദ് അല്‍ ദഈജ് വിധി പ്രസ്താവിച്ചത്. 
രാജ്യത്തിന് പുറത്തേക്ക് രക്ഷപ്പെട്ട ഇറാനിയാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട ഒന്നാം പ്രതി. വധശിക്ഷ വിധിക്കപ്പെട്ട 23ാം പ്രതിയും തടവിന് ശിക്ഷിക്കപ്പെട്ട മറ്റു പ്രതികളും സ്വദേശികളാണ്. 
2015 ആഗസ്റ്റില്‍ അബ്ദലി കാര്‍ഷിക മേഖലയില്‍നിന്ന് വന്‍ സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടിയതോടെയാണ് രാജ്യത്തെ ലക്ഷ്യമാക്കി വിദേശ ശക്തികളുടെ നേതൃത്വത്തില്‍ ചാര പ്രവര്‍ത്തനം നടക്കുന്നത് അധികൃതര്‍ കണ്ടത്തെിയത്. തുടര്‍ന്ന് നടത്തിയ രഹസ്യ നീക്കത്തിലൂടെ ഒരു ഇറാനിയടക്കം 25 പേര്‍ക്കെതിരെ രാജ്യസുരക്ഷാ വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്യുകയാണുണ്ടായത്. 
പ്രാഥമിക അന്വേഷണത്തില്‍ ഇറാന്‍െറയും ഹിസ്ബുല്ലയുടെയും പിന്തുണയോടെ ഇവര്‍ രാജ്യത്ത് സ്ഫോടനങ്ങളും അതുവഴി അസ്ഥിരതയും സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും തെളിയുകയുണ്ടായി. സംഭവത്തില്‍ തങ്ങളുടെ വംശജനെ പ്രതിചേര്‍ത്തതില്‍ ഇറാന്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. 
വിഷയം പിന്നീട് ഇറാനും കുവൈത്തും തമ്മില്‍ നീണ്ട വാക്പോരിന് ഇടയാക്കിയിരുന്നു. സമാന സ്വഭാവമുള്ള കേസില്‍ പിടിക്കപ്പെട്ട ഏഴുപേര്‍ക്ക് സൗദിയില്‍ വധശിക്ഷ നടപ്പാക്കി ഒരാഴ്ച കഴിയുമ്പോഴാണ് കുവൈത്തില്‍ തീവ്രവാദ കേസില്‍ വധശിക്ഷയുള്‍പ്പെടെ വിധിവരുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.