ശമ്പളം മുടങ്ങി; തൊഴിലാളികള്‍ കമ്പനി ഉപരോധിച്ചു

കുവൈത്ത് സിറ്റി: മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കുവൈത്തിലെ പ്രമുഖ കോണ്‍ട്രാക്ടിങ് കമ്പനിയായ ഖറാഫി നാഷനല്‍ തൊഴിലാളികള്‍ ഉപരോധിച്ചു. രണ്ടായിരത്തോളം തൊഴിലാളികളാണ് കമ്പനിയുടെ അര്‍ദിയയിലുള്ള പ്രധാന ഓഫിസ് ഉപരോധിച്ചത്. ഇവരില്‍ അമ്പതോളം പേരുടെ സിവില്‍ ഐ.ഡി കമ്പനി അധികൃതര്‍ ബലമായി പിടിച്ചുവാങ്ങിയതായും ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും തൊഴിലാളികള്‍ പറഞ്ഞു. രാജ്യത്തെ ഏക അന്താരാഷ്ട്ര വിമാനത്താവള നവീകരണമടക്കമുള്ള വന്‍കിട പദ്ധതികളുടെ നിര്‍മാണക്കരാര്‍ ഏറ്റെടുത്ത് നടത്തുന്ന കമ്പനിയാണ് ഖറാഫി നാഷനല്‍. മൂന്നു മാസം മുതല്‍ ആറുമാസം വരെ ശമ്പളം ലഭിക്കാത്തവര്‍ ഇവിടെയുണ്ട്. ഉയര്‍ന്ന തലത്തിലുള്ള ജീവനക്കാരില്‍ പലര്‍ക്കും മാസങ്ങളായി ശമ്പളം മുടങ്ങുകയോ വൈകുകയോ ചെയ്യുന്നുണ്ടെങ്കിലും അവരാരും സമരത്തിനിറങ്ങിയിട്ടില്ല. ശമ്പളമില്ലാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത താഴെക്കിടയിലുള്ള തൊഴിലാളികളാണ് ഇപ്പോള്‍ സമരരംഗത്തുള്ളത്. നിവൃത്തിയില്ലാത്തതിനാലാണ് പണിമുടക്കേണ്ടിവന്നതെന്ന് ഇവര്‍ പറഞ്ഞു. രണ്ടിടങ്ങളിലെ ക്യാമ്പിലുള്ള ആരും കഴിഞ്ഞ ഞായറാഴ്ച മുതല്‍ ജോലിക്ക് പോയിട്ടില്ല. ക്യാമ്പിലുള്ള എല്ലാവരും ജോലിക്ക് പോകാതെ പ്രതിഷേധിക്കണമെന്ന് കരുതുന്നവരല്ളെങ്കിലും നേതൃത്വം നല്‍കുന്നവര്‍ ക്യാമ്പുകളില്‍നിന്ന് പുറത്തേക്കോ അകത്തേക്കോ ആരെയും വിടുന്നില്ല. ജൂലൈ 10ന് ആരംഭിച്ച പണിമുടക്ക് ഒരാഴ്ച പിന്നിട്ടപ്പോഴാണ് തൊഴിലാളികള്‍ ഉപരോധ സമരമടക്കം കടുത്ത നടപടികളിലേക്ക് നീങ്ങിയത്. കമ്പനിയുടെ രണ്ടു ക്യാമ്പുകളിലെ എണ്ണായിരത്തോളം തൊഴിലാളികളാണ് ജോലിക്ക് പോകാതെ സമരംചെയ്യുന്നത്. മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാരും ഇവരില്‍പെടും. പണിമുടക്കിന് നേതൃത്വം നല്‍കുന്നവര്‍ തൊഴില്‍ മന്ത്രാലയം ഓഫിസിലത്തെി പരാതി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, കുവൈത്തിലെ  ഇന്ത്യന്‍ അംബാസഡര്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എന്നിവര്‍ക്കും തൊഴിലാളികള്‍ തങ്ങളുടെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി വിഡിയോ സഹിതം ഇ-മെയില്‍ സന്ദേശം അയച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ളെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഈ വിഡിയോ തെളിവായി സ്വീകരിച്ച് പണിമുടക്കിന് നേതൃത്വം നല്‍കുന്നവരെ കമ്പനി അധികൃതര്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ട് കുവൈത്തില്‍നിന്ന് നാടുകടത്താന്‍ ഉപയോഗിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എംബസിയുടെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും അടിയന്തര സഹായത്തിനായി കാത്തിരിക്കുകയാണ് ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളും അവരുടെ കുടുംബവും.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.