ഖറാഫി കമ്പനിയിലെ തൊഴില്‍പ്രശ്നം:  പി. കരുണാകരന്‍ എം.പി സുഷമ സ്വരാജിന്  കത്തയച്ചു

കുവൈത്ത് സിറ്റി: മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് മലയാളികളടക്കമുള്ള തൊഴിലാളികള്‍ ദുരിതത്തിലായ കുവൈത്തിലെ  പ്രമുഖ കോണ്‍ട്രാക്റ്റിങ് കമ്പനിയായ ഖറാഫി നാഷനലിലെ തൊഴില്‍പ്രശ്നം സംബന്ധിച്ച് പി. കരുണാകരന്‍ എം.പി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ചു. മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് 2000ത്തിലധികം തൊഴിലാളികള്‍ കഴിഞ്ഞദിവസം കമ്പനി ഉപരോധിച്ചിരുന്നു. മലയാളികളും തമിഴ്നാട്ടില്‍നിന്നുള്ളവരുമാണ് കമ്പനിയിലെ തൊഴിലാളികളിലധികവും. രാജ്യത്തെ ഏക അന്താരാഷ്ട്ര വിമാനത്താവള നവീകരണമടക്കമുള്ള വന്‍കിട പദ്ധതികളുടെ നിര്‍മാണ കരാര്‍ ഏറ്റെടുത്ത് നടത്തുന്ന കമ്പനിയാണ് ഖറാഫി നാഷനല്‍. മൂന്നുമാസം മുതല്‍ ആറുമാസം വരെയുള്ള ശമ്പളം ലഭിക്കാത്തവര്‍ ഇവിടെയുണ്ട്. കമ്പനിയുടെ രണ്ടു ക്യാമ്പുകളിലെ എണ്ണായിരത്തോളം തൊഴിലാളികള്‍ ജൂലൈ 10 മുതല്‍ പണിമുടക്കിലാണ്. പണിമുടക്ക് ഒരാഴ്ച പിന്നിട്ടപ്പോള്‍ ഒരുവിഭാഗം തൊഴിലാളികള്‍ കമ്പനിയുടെ അര്‍ദിയയിലുള്ള പ്രധാന ഓഫിസ് ഉപരോധിക്കുകയായിരുന്നു. അതിനിടെ ഖറാഫി നാഷനല്‍ കേരളത്തില്‍നിന്നടക്കം പുതിയ റിക്രൂട്ട്മെന്‍റിന് തയാറെടുക്കുന്നതായി സൂചനയുണ്ട്. സമരരംഗത്തുള്ള തൊഴിലാളികളെ പിരിച്ചുവിട്ട് പുതിയവരെ നിയമിക്കാനാണ് കമ്പനി അധികൃതരുടെ നീക്കമെന്ന് സംശയമുണ്ട്. 
പിരിച്ചുവിട്ടാല്‍തന്നെ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ലഭിക്കുമോ എന്ന ആശങ്കയിലാണ് നിലവിലുള്ള തൊഴിലാളികള്‍. അങ്ങനെ വന്നാല്‍, മാസങ്ങളായി ശമ്പളമില്ലാത്തതുമൂലം നീക്കിയിരിപ്പൊന്നുമില്ലാത്ത ഇവര്‍ മറ്റൊരു ജോലി കണ്ടത്തെും വരെ എങ്ങനെ ജീവിക്കുമെന്ന ചോദ്യമുനയിലാണ്. വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാറിന്‍െറ അടിയന്തര ഇടപെടലുണ്ടാവുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. പി. കരുണാകരന്‍ എം.പിയുടെ ഇടപെടല്‍ ഇവരുടെ പ്രതീക്ഷയേ
റ്റുന്നു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.