ഖറാഫി നാഷനല്‍ : പ്രശ്നം പരിഹരിച്ചില്ല; കടുത്ത ആശങ്കയില്‍ തൊഴിലാളികള്‍

കുവൈത്ത് സിറ്റി: തൊഴില്‍പ്രശ്നം നിലനില്‍ക്കുന്ന കുവൈത്ത് ഖറാഫി നാഷനല്‍ കമ്പനിയില്‍ ഇനിയും പ്രശ്നപരിഹാരമായില്ല. ഒത്തുതീര്‍പ്പിനുള്ള ഒരു ശ്രമവും കമ്പനി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവാത്തതില്‍ തൊഴിലാളികള്‍ കടുത്ത ആശങ്കയും നിരാശയും പങ്കുവെച്ചു. പതിനായിരത്തിലേറെ പേര്‍ തൊഴിലെടുക്കുന്ന ഖറാഫി നാഷനല്‍ കമ്പനിയില്‍ മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. പണിമുടക്ക് ഒരാഴ്ച പിന്നിട്ടപ്പോള്‍ രണ്ടായിരത്തോളം തൊഴിലാളികള്‍ കമ്പനി ആസ്ഥാനം ഉപരോധിക്കാനും തയാറായി. 
എന്നിട്ടും കമ്പനി അധികൃതര്‍ വഴങ്ങുന്ന മട്ടില്ല. സമരവുമായി സഹകരിക്കാത്ത ഉയര്‍ന്ന തലത്തിലെ ജീവനക്കാരുമായി കമ്പനി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായി സൂചനയുണ്ടായിരുന്നു. ഇവരുടെ ശമ്പള കുടിശ്ശിക ഈ മാസം അവസാനം കൊടുത്തുതീര്‍ക്കുമെന്നായിരുന്നു വാഗ്ദാനം. മലയാളികളും തമിഴ്നാട്ടില്‍നിന്നുള്ളവരുമാണ് കമ്പനിയിലെ തൊഴിലാളികളിലധികവും. രാജ്യത്തെ ഏക അന്താരാഷ്ട്ര വിമാനത്താവള നവീകരണമടക്കമുള്ള വന്‍കിട പദ്ധതികളുടെ നിര്‍മാണ കരാര്‍ ഏറ്റെടുത്ത് നടത്തുന്ന കമ്പനിയാണ് ഖറാഫി നാഷനല്‍. മൂന്നു മാസം മുതല്‍ ആറുമാസം വരെയുള്ള ശമ്പളം ലഭിക്കാത്തവര്‍ ഇവിടെയുണ്ട്. അതിനിടെ സമരരംഗത്തുള്ള തൊഴിലാളികളില്‍ ചിലര്‍  കമ്പനിയിലെ വാഹനങ്ങളുടെ ടയറിന്‍െറ കാറ്റൊഴിച്ചു. സമരം തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും അനുകൂല നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികളില്‍ ചിലര്‍ ഇത്തരം നടപടികളിലേക്ക് കടന്നതെന്ന് പറയപ്പെടുന്നു.

ഐ.എസ് തീവ്രവാദികളല്ല; 
വയറ്റുപ്പിഴപ്പിനാ...

കുവൈത്ത് സിറ്റി: കണ്ണുമാത്രം കാണുന്ന രീതിയില്‍ മുഖം മൂടിയ ഇവരെ ആരും ഭീകരവാദികളെന്ന് മുദ്രകുത്തരുത്. വീട്ടിലെ കുഞ്ഞുമക്കളെ എങ്ങനെ പോറ്റുമെന്നും ജോലിയും ശമ്പളവുമില്ലാതെ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോവുമെന്നും അറിയാതെ കരഞ്ഞുകലങ്ങിയ ദയനീയ മുഖമാണ് ആ തുണിക്കുള്ളില്‍. 
ലോകം കാണട്ടെ തങ്ങളുടെ ദുരിതം, എന്നാല്‍ മുഖം കാണണ്ട. കണ്ടാല്‍ തങ്ങളെ നാടുകടത്തും എന്നാണ് ഇവര്‍ പറയുന്നത്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെയും ഡി.എം.കെ നേതാവ് കരുണാനിധിയുടെയും പടവുമായി നില്‍ക്കുന്ന തമിഴ് തൊഴിലാളികളുടെ വാട്ട്സ് ആപ് വിഡിയോ ‘ഗള്‍ഫ് മാധ്യമ’ത്തിന് ലഭിച്ചു. ഖറാഫി നാഷനലിലെ തൊഴില്‍പ്രശ്നം പുറത്തത്തെിച്ചത് ഗള്‍ഫ് മാധ്യമമാണ്. ഇതിന് അവര്‍ വാട്ട്സ്ആപ് വിഡിയോയിലൂടെ നന്ദി പറയുന്നുണ്ട്.
 ‘ഗള്‍ഫ് മാധ്യമം’ വാര്‍ത്തയെ തുടര്‍ന്ന് വിഷയത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ച പി. കരുണാകരന്‍ എം.പിക്കും നന്ദി പറയുന്നുണ്ട്. തമിഴ്നാട് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മലയാളികളും തമിഴ്നാട്ടുകാരുമാണ് ഇവിടത്തെ തൊഴിലാളികളിലധികവും.
 ഗത്യന്തരമില്ലാതെ സമരരംഗത്ത് ഉശിരോടെ നിലകൊള്ളുന്നുവെങ്കിലും ജീവിതം ചോദ്യചിഹ്നമാവുന്നതിന്‍െറ 
ദൈന്യത ഇവര്‍ ഒളിപ്പിച്ച മുഖത്തുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.