സൗഹൃദ ഫുട്ബാള്‍: സര്‍ക്കാറിനെ ‘അട്ടിമറിച്ച്’ പാര്‍ലമെന്‍റംഗങ്ങള്‍ 

കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ പുരോഗതിക്കും വികസനത്തിനുമായി ഒപ്പംനിന്ന് പ്രവര്‍ത്തിക്കുന്ന സര്‍ക്കാറും പാര്‍ലമെന്‍റും ഞായറാഴ്ച നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തു. പാര്‍ലമെന്‍റില്‍ ഇത്തരം ഏറ്റുമുട്ടലുകള്‍ പതിവാണെങ്കിലും ശനിയാഴ്ചത്തെ അങ്കം കളത്തിലായിരുന്നു. സൗഹൃദ ഫുട്ബാള്‍ മത്സരത്തിലാണ് മന്ത്രിമാരും എം.പിമാരും ഏറ്റുമുട്ടിയത്. 
മത്സരത്തില്‍ സര്‍ക്കാറിനെ ‘അട്ടിമറിച്ച്’ പാര്‍ലമെന്‍റംഗങ്ങള്‍ വിജയം നേടി. 3-2നായിരുന്നു എം.പിമാരുടെ ജയം. എല്ലാ റമദാനിലും റൗദാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന ഫുട്ബാള്‍ മത്സരത്തിന്‍െറ പ്രചാരണത്തിനാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രിമാരും എം.പിമാരും ബൂട്ടണിഞ്ഞത്. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍അഹ്മദ് അസ്സബാഹിന്‍െറ രക്ഷാകര്‍തൃത്വത്തില്‍ നടന്ന മത്സരത്തില്‍ മന്ത്രിമാരുടെ ടീമിനെ നയിച്ചത് മന്ത്രിസഭയിലെ രണ്ടാമനും ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹായിരുന്നു. പാര്‍ലമെന്‍റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിമിന്‍െറ നായകത്വത്തിലാണ് എം.പിമാരുടെ ടീം ഇറങ്ങിയത്. ആദ്യപകുതിയില്‍തന്നെ രണ്ടു ഗോളടിച്ച പാര്‍ലമെന്‍റ് ടീം വ്യക്തമായ മുന്‍തൂക്കം നേടി. 
ഇടവേളക്കുശേഷം ഒരു ഗോള്‍കൂടി അടിച്ച അവര്‍ വ്യക്തമായ ‘ഭൂരിപക്ഷത്തിന്’ ജയിച്ചുകയറുമെന്ന് തോന്നിച്ചെങ്കിലും ശക്തമായി തിരിച്ചുവന്ന മന്ത്രിമാര്‍ രണ്ടു ഗോള്‍ തിരിച്ചടിച്ച് തോല്‍വിയുടെ ഭാരം കുറച്ചു. മത്സരശേഷം എം.പിമാരും മന്ത്രിമാരും വിവിധ പോസുകളില്‍ സെല്‍ഫിയെടുത്തശേഷമാണ് പിരിഞ്ഞത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.