മധ്യാഹ്ന ജോലി വിലക്ക്: നിരവധി തൊഴിലുടമകള്‍ക്ക്  മുന്നറിയിപ്പ് നോട്ടീസ്

കുവൈത്ത് സിറ്റി: വേനലില്‍ മധ്യാഹ്ന ജോലി വിലക്ക് ലംഘിച്ച് തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചതിന് നിരവധി കമ്പനി ഉടമകള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നോട്ടീസ് നല്‍കി. 
നേരത്തെ ഇങ്ങനെ തൊഴിലെടുത്ത നിരവധി പേരെ പിടികൂടിയിരുന്നു. 
ഇതിന് തുടര്‍ച്ചയായാണ് കമ്പനി ഉടമകള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് അയച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 
മധ്യവേനല്‍ ആരംഭിച്ചതോടെ ജൂണ്‍ ഒന്നുമുതല്‍ ആഗസ്റ്റ് 31 വരെ രാജ്യത്ത് തുറന്നസ്ഥലങ്ങളില്‍ തൊഴിലാളികളെ ജോലിചെയ്യിപ്പിക്കുന്നതിന് തൊഴില്‍മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 
അസഹ്യമായ ചൂടുകാരണം തൊഴിലാളികള്‍ക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങള്‍ സംഭവിക്കാതിരിക്കാനാണ് രാവിലെ 11മുതല്‍ വൈകീട്ട് നാലുവരെ ജോലിവിലക്ക് ഏര്‍പ്പെടുത്തിയത്. 
വിലക്ക് പരിഗണിക്കാതെ തുറന്നയിടങ്ങളില്‍ ആളുകളെക്കൊണ്ട് പണിയെടുപ്പിക്കുന്ന കമ്പനികളെയും സ്ഥാപനങ്ങളെയും പിടികൂടുന്നതിന് വ്യാപക പരിശോധനകള്‍ക്ക് അധികൃതര്‍ രൂപംനല്‍കി. ഫയലുകള്‍ മരവിപ്പിക്കുക, പ്രോസിക്യൂഷനില്‍ കേസ് ഫയല്‍ ചെയ്യുക, ഒരു തൊഴിലാളിക്ക് 100 മുതല്‍ 200 ദീനാര്‍വരെ പിഴചുമത്തി കമ്പനിയില്‍നിന്ന് വസൂലാക്കുക തുടങ്ങിയ കടുത്ത നടപടികളാണ് മധ്യാഹ്ന ജോലി വിലക്ക് ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ സ്വീകരിക്കുക. 
നിയമം ലംഘിക്കുന്ന കമ്പനികളെ കണ്ടത്തെുന്നതിന് സമാനമായ റെയ്ഡുകള്‍ വരുംദിവസങ്ങളില്‍ തുടരുമെന്ന സൂചനയാണ് അധികൃതര്‍ നല്‍കിയത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.