വിദേശികളുടെ അക്കൗണ്ടുകള്‍  പരിശോധിക്കണമെന്ന് ജീറാന്‍ എം.പി

കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശികളുടെ ജോലികളും ബാങ്ക് അക്കൗണ്ടുകളും ശമ്പളവും പരിശോധനക്ക് വിധേയമാക്കണമെന്ന് അബ്ദുറഹിമാന്‍ അല്‍ ജീറാന്‍ എം.പി. സര്‍ക്കാര്‍ അവര്‍ക്കായി നല്‍കുന്ന സേവനങ്ങള്‍ക്ക് കൃത്യമായ ഫീസ് നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
തങ്ങളനുഭവിക്കുന്ന വിവിധ സേവനങ്ങള്‍ക്ക് ആനുപാതികമായ ഫീസ് വിദേശികളില്‍നിന്ന് ഈടാക്കുന്നതില്‍ സര്‍ക്കാറിന് പിഴവുകള്‍ സംഭവിക്കുന്നുണ്ട്. ഓരോരോ രാജ്യത്തും ഒൗദ്യോഗിക നടപടികള്‍ക്കുള്ള സേവന ഫീസ് ഇനത്തില്‍ സ്വദേശികളില്‍നിന്നും വിദേശികളില്‍നിന്നും പ്രത്യേക തുക ഈടാക്കാറുണ്ട്. സ്വാഭാവികമായും സ്വദേശികളില്‍നിന്നും വിദേശികളില്‍നിന്നും ഈടാക്കുന്ന സേവന ഫീസിന്‍െറ തോതില്‍ വ്യത്യാസമുണ്ടാകും. എന്നാല്‍, കുവൈത്തില്‍ വിദേശികളനുഭവിക്കുന്ന സേവനങ്ങള്‍ക്ക് വളരെ കുറഞ്ഞ ഫീസ് മാത്രമേ ഈടാക്കുന്നുള്ളൂവെന്നും ഇത് വര്‍ധിപ്പിക്കണമെന്നും പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തില്‍ എം.പി അഭിപ്രായപ്പെട്ടു. 
അതോടൊപ്പം, രാജ്യത്തെ വിദേശികളെ ജോലിയുടെയും ശമ്പളത്തിന്‍െറയും ജീവിതനിലവാരത്തിന്‍െറയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കണം. ഇങ്ങനെ തരം തിരിച്ചശേഷം വിദ്യാഭ്യാസ നിലവാരവും യോഗ്യത കുറവും കാരണം മാന്യമായ ശമ്പളവും ജീവിതനിലവാരവുമില്ലാതെ കഴിയുന്ന വിദേശികള്‍ക്ക് പ്രത്യേക പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കണം. 
നിശ്ചിത കാലയളവ് കണക്കാക്കി നടത്തുന്ന ഇത്തരം പരിശീലന പരിപാടിയില്‍ വിജയിക്കുന്നവരെ രാജ്യത്തെ തൊഴില്‍ വിപണിയില്‍ തുടരാന്‍ അനുവദിക്കുക. പരിശീലന കോഴ്സില്‍ പരാജയപ്പെടുന്നവര്‍ക്ക് ഒരു പ്രാവശ്യംകൂടി അവസരം നല്‍കുകയും എന്നിട്ടും വിജയിക്കാന്‍ സാധിക്കാത്ത വിദേശികളെ നാടുകടത്തുകയും വേണം. നിര്‍ബന്ധിത പരിശീലന കോഴ്സില്‍ വിജയിച്ച് രാജ്യത്ത് തുടരാന്‍ യോഗ്യത നേടിയവരില്‍നിന്ന് പ്രത്യേക ഫീസ് ഈടാക്കാവുന്നതാണെന്നും 
അദ്ദേഹം സൂചിപ്പിച്ചു. രണ്ടുദിവസം  മുമ്പ് ഇതുപോലുള്ള ഒരു അഭിമുഖത്തില്‍ കുവൈത്തില്‍ എട്ടുലക്ഷം ഇന്ത്യക്കാരും അഞ്ചുലക്ഷം അറബ് വംശജരും  മിഡില്‍ ക്ളാസ് വിദ്യാഭ്യാസം പോലും
 ഇല്ലാത്തവരാണെന്നും ഇവരെ ഇനിയും വെച്ചുപൊറുപ്പിക്കേണ്ടതുണ്ടോയെന്ന് ആലോചിക്കണമെന്ന് അബ്ദുറഹ്മാന്‍ അല്‍ ജീറാന്‍ എം.പി പറഞ്ഞിരുന്നു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.