കേരളത്തില്‍ സാംസ്കാരിക ഫാഷിസം  പിടിമുറുക്കി –എം.എം. അക്ബര്‍

നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറും പീസ് സ്കൂളുകളുടെ മാനേജിങ് ഡയറക്ടറും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ എം.എം. അക്ബര്‍ ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുന്നു.
? താങ്കള്‍ക്കെതിരെ ഭരണകൂട വേട്ടയുണ്ടായെന്ന ആരോപണമുണ്ടായി. എന്താണ് പ്രതികരണം?
= രാഷ്ട്രീയമായി ഫാഷിസത്തിന് കടന്നുകയറാന്‍ കഴിയാത്ത ഒരു സാമൂഹിക പശ്ചാത്തലം കേരളത്തിലുണ്ട്. അതേസമയം, സാംസ്കാരികമായി നല്ല കടന്നുകയറ്റം അവര്‍ നടത്തിയിട്ടുണ്ട്. കേരളത്തിന്‍െറ ഗ്രാമങ്ങളില്‍ പൊതുവെ നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദവും സമാധാനാന്തരീക്ഷവും തകര്‍ത്താലല്ലാതെ രാഷ്ട്രീയമായി മുന്നേറാന്‍ കഴിയില്ളെന്ന് തിരിച്ചറിഞ്ഞ ഫാഷിസ്റ്റുകള്‍ ആ ദിശയില്‍ കാര്യമായി ശ്രമിക്കുന്നു. എനിക്കെതിരെ ഉണ്ടായി എന്നു പറയപ്പെടുന്നതിനെ വ്യക്തിപരമായി കാണുന്നില്ല. തുടക്കംമുതലേ തീവ്രവാദത്തിനും ഭീകരതക്കുമെതിരെ നിലപാടെടുക്കുകയും ഇടപെടുകയും ചെയ്തവരാണ് ഞങ്ങള്‍ എന്ന് അവര്‍ക്ക് അറിയാത്തതല്ല. ബോധപൂര്‍വം തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നത്.
? താങ്കള്‍ നേതൃത്വം നല്‍കുന്ന പീസ് സ്കൂളിനെതിരായ ആരോപണത്തെ കുറിച്ച്?
= പീസ് സ്കൂള്‍ ഒരു ചെയിന്‍ ആണ്. കേരളത്തില്‍ പത്തു സ്കൂളുകള്‍ ഉണ്ട്. ഇവിടെ ആളുകളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നുവെന്ന ആരോപണം രക്ഷിതാക്കളും പി.ടി.എയും തള്ളിയിട്ടുണ്ട്. അതില്‍ ഒരു സത്യവും ഇല്ല. തൃക്കരിപ്പൂരില്‍നിന്ന് കാണാതായി സിറിയയിലേക്ക് പോയവരില്‍ രണ്ടുപേര്‍ പീസ് സ്കൂളിലെ അധ്യാപകരാണെന്നാണ് ആരോപണം. ഐ.എസ് അനുഭാവിയെന്ന് പറയപ്പെടുന്ന അധ്യാപിക പീസ് സ്കൂളിന്‍െറ ഒരു ബ്രാഞ്ചിലും പഠിപ്പിച്ചിട്ടില്ല. ഇത് അന്വേഷണത്തില്‍ വ്യക്തമായതാണ്. കശ്മീരില്‍നിന്നും മറ്റും ഫണ്ട് എത്തുന്നുവെന്നായി പിന്നീട്. കണക്കുകയും രേഖകളും കൃത്യമായി സമര്‍പ്പിച്ചതോടെ ഈ വാദവും പൊളിഞ്ഞു. അവസാനമായി പാഠപുസ്തകത്തിലെ ഒരു പരാമര്‍ശത്തില്‍ പിടിച്ചു. രണ്ടാം ക്ളാസില്‍ പഠിപ്പിക്കേണ്ടതല്ല എന്നു തോന്നിയതിനാല്‍ സ്കൂളില്‍ ആ ഭാഗം പഠിപ്പിച്ചിട്ടില്ല.
? അങ്ങനെ ഒരു പാഠഭാഗം തയാറാക്കുന്ന മാനസികാവസ്ഥക്ക് ചികിത്സ ആവശ്യമില്ളേ?
= നിങ്ങളെക്കൊണ്ട് ഇങ്ങനെ ചോദിപ്പിക്കാന്‍ കഴിയുന്നത് സാംസ്കാരിക ഫാഷിസത്തിന്‍െറ വിജയമാണ്. അതില്‍ വര്‍ഗീയമായി ഒന്നുമില്ല. ആക്ടീവ് ലേണിങ് രീതിയില്‍ ഇസ്ലാമിന്‍െറ അടിസ്ഥാനങ്ങളില്‍ ഒന്നായ ശഹാദത്ത് കലിമ പഠിപ്പിക്കുന്ന ഒരു പാഠഭാഗമാണിത്. ആ പ്രായത്തിലുള്ളവര്‍ക്ക് പഠിക്കാന്‍ കഴിയുന്നതല്ല എന്നു ബോധ്യമായതിനാല്‍ പഠിപ്പിക്കേണ്ടെന്നു നിര്‍ദേശിച്ചത് മാനേജ്മെന്‍റ് തന്നെയാണ്. പുസ്തകം മുഴുവന്‍ പരിശോധിച്ചാല്‍ മതനിരപേക്ഷത ബോധ്യമാവും.
? വിവാദമുണ്ടായപ്പോള്‍ സമുദായത്തിനകത്തുനിന്നും പുറത്തുനിന്നും പിന്തുണ കിട്ടിയോ?
= മതനിരപേക്ഷരായ ആളുകള്‍ പിന്തുണച്ചു. സമുദായത്തിനകത്തെ ഒറ്റപ്പെട്ട ചിലര്‍ ഈ അവസരത്തെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് ഉപയോഗിച്ചത് വേദനാജനകമാണ്. നേതൃത്വത്തിന്‍െറ അത്തരം സമീപനങ്ങള്‍ക്കെതിരെ വ്യക്തിപരമായി നേരിട്ട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരുണ്ട്. വിവിധ സംഘടനകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. അതെല്ലാം നിലനിര്‍ത്തിക്കൊണ്ടുതന്നെ പൊതുവിഷയങ്ങളില്‍ ഐക്യപ്പെടുക എന്നത് കേരളത്തിലെ മുസ്ലിംകളുടെ ജീനില്‍ ഉള്ളതാണ്. ഐക്യസംഘത്തിലൂടെയാണല്ളോ കേരളത്തില്‍ മുസ്ലിം നവോത്ഥാനത്തിന്‍െറ തുടക്കം. ഫാഷിസ്റ്റുകള്‍ വേട്ടയാടുന്ന ഇത്തരമൊരു ഘട്ടത്തില്‍പോലും ഒരുമയില്ളെങ്കില്‍ കഷ്ടമാണ്.
? മാധ്യമങ്ങളുടെ സമീപനം എന്തായിരുന്നു?
= ജനാധിപത്യത്തിന്‍െറ മൂന്നാം കണ്ണായ മാധ്യമങ്ങളുടെ സമീപനമാണ് ഏറ്റവും വേദനിപ്പിച്ചത്. സത്യം അന്വേഷിച്ചറിയാതെ ഭരണകൂട ഭാഷ്യം അപ്പടി പകര്‍ത്തുകയായിരുന്നു മാധ്യമങ്ങള്‍ ചെയ്തത്. ഇസ്ലാമിക പ്രബോധനം മുസ്ലിമിന്‍െറ ബാധ്യതയാണെന്ന് കരുതുന്നയാളാണ് ഞാന്‍. ഭരണഘടന ഉറപ്പുനല്‍കുന്ന മതപ്രബോധനത്തിനെ ഒരു ക്രിമിനല്‍ കുറ്റമെന്ന നിലയില്‍ ആണ് അവതരിപ്പിക്കപ്പെടുന്നത്.
? താങ്കള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും കേസും ഉണ്ടെന്നും കേരളത്തിലേക്ക് വന്നാല്‍ അറസ്റ്റ് ചെയ്യുമെന്നുമാണല്ളോ പ്രചാരണം?
= അങ്ങനെ കേസോ ലുക്കൗട്ട് നോട്ടീസോ ഉള്ളതായി ഞങ്ങള്‍ക്ക് വിവരമില്ല. ഇപ്പോള്‍ ഖത്തര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നേയുള്ളൂ. അതിന് ഈ വിഷയവുമായി ബന്ധമില്ല. അല്ലാതെ ഒളിച്ചുനടക്കുകയല്ല. അതിന്‍െറ ആവശ്യവുമില്ല.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.