കുവൈത്ത് സിറ്റി: രാജ്യം പുതുവർഷത്തിലേക്ക് കടക്കുന്നത് നിറഞ്ഞ പ്രതീക്ഷകളോടെ. മഹാമാരിയെ കീഴടക്കി 2022ൽ പൂർണമായി സാധാരണ ജീവിതത്തിലേക്ക് കടക്കാൻ കഴിയുമെന്നാണ് ആഗ്രഹവും പ്രതീക്ഷയും. ശുഭസൂചനകൾ പ്രകടമാണ്. വാക്സിനിൽ ശ്രദ്ധേയമായ പുരോഗതി നേടിയതോടെ കോവിഡിനെ വരുതിയിലാക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഇതിന് മാസങ്ങളെടുക്കും. സമീപ ദിവസങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നത് താൽക്കാലികമാണെന്നും നിയന്ത്രിക്കാൻ കഴിയുമെന്നുമാണ് വിലയിരുത്തൽ.
കുവൈത്ത് സിറ്റി: പുതുവർഷത്തിലേക്ക് കാലെടുത്തുവെക്കുമ്പോൾ കുവൈത്തിനെ ഉന്നതിയിലേക്ക് നയിക്കാൻ പുതിയ സർക്കാർ. പുതുതായി ചുമതലയേറ്റ മന്ത്രിമാർ പ്രവർത്തനം ആരംഭിച്ചിട്ടേയുള്ളൂ. പാർലമെൻറും സർക്കാറും തമ്മിലുള്ള ബന്ധം നന്നാക്കാൻ അമീർ വിളിച്ചുചേർത്ത നാഷനൽ ഡയലോഗിനെ തുടർന്നാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്.
അതുകൊണ്ടുതന്നെ സഹകരണത്തിെൻറ പുതിയ അന്തരീക്ഷമാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷത്തിന് നിർണായക സ്വാധീനമുള്ള പാർലമെൻറ് സർക്കാറുമായി കൊമ്പുകോർക്കുന്നത് കഴിഞ്ഞ വർഷം ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു.
കഴിവുറ്റ മന്ത്രിമാരെ ഉൾപ്പെടുത്തിയാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് മന്ത്രിസഭ രൂപവത്കരിച്ചിട്ടുള്ളത്. നാല് എം.പിമാരെയും 16 അംഗ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2020ലെ കടുത്ത പ്രതിസന്ധിയും 2021ലെ അതിജീവന സൂചനകളും പിന്നിട്ട് ബിസിനസ് മേഖല അടുത്ത വർഷം ഉണർവിലേക്ക് കുതിക്കുമെന്നാണ് പ്രതീക്ഷ. ഈ വർഷം കോവിഡിനെ അതിജീവിക്കുമെന്ന പ്രതീക്ഷതന്നെയാണ് ഈ വിലയിരുത്തലിന് അടിസ്ഥാനം.
ലോക്ഡൗണും കർഫ്യൂവും ഉൾപ്പെടെ കടുത്ത നടപടികളിലേക്ക് അവസാന വഴിയെന്ന നിലയിൽ മാത്രമേ കടക്കൂവെന്ന അധികൃതരുടെ പ്രഖ്യാപനവും ആശ്വാസമാണ്. നാട്ടിൽ പോകുന്നതുമായി ബന്ധപ്പെട്ടാണ് പ്രവാസികൾ കാര്യമായി പർച്ചേസ് നടത്താറുള്ളത്.
വാച്ചും കണ്ണടയും കളിക്കോപ്പും വസ്ത്രങ്ങളും മുതൽ ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ വരെ വിൽപന പ്രവാസികളുടെ നാട്ടിൽ പോക്കുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. വിമാന സർവിസ് ഉണ്ടെങ്കിലും ഒമിക്രോൺ ഭീതിയിൽ ഇപ്പോൾ ആളുകളുടെ പോക്കുവരവ് കുറവാണ്.
ട്രാവൽസുകൾ, ഹോട്ടലുകൾ, വിമാനക്കമ്പനി, അനുബന്ധ സേവനം നൽകുന്നവർ തുടങ്ങി നേരിട്ട് ബന്ധമുള്ള ആയിരങ്ങളും പരോക്ഷമായി പതിനായിരങ്ങളുമാണ് യാത്രകൾ സജീവമാകാത്തതിെൻറ പ്രയാസം അനുഭവിക്കുന്നത്. ഏതാനും മാസങ്ങൾക്കകം എല്ലാം ശരിയാകുമെന്നാണ് കണക്കുകൂട്ടൽ.
നാട്ടിലേതിനേക്കാൾ ആവേശത്തോടെയായിരുന്നു പ്രവാസ ലോകത്ത് ഓണവും ക്രിസ്മസും പെരുന്നാളും മറ്റ് ആഘോഷങ്ങളും നടന്നിരുന്നത്. രണ്ടുമാസത്തിലേറെ നീളുമായിരുന്നു കുവൈത്തിലെ ഓണാഘോഷം.
നാട്ടിൽനിന്ന് പാട്ടുകാരും നർത്തകരും സിനിമാക്കാരും രാഷ്ട്രീയ നേതാക്കളുമെല്ലാം അതിഥികളായി എത്താറുണ്ട്. എല്ലാം പഴങ്കഥ എന്ന നിലയാണ് ഇപ്പോൾ ഉള്ളത്. എന്നാൽ, 2022ൽ ചിത്രം മാറി പഴയ ആവേശത്തിലേക്ക് തിരിച്ചുവരുമെന്നാണ് വിലയിരുത്തൽ.
ചെറിയ തോതിൽ പൊതുപരിപാടികളും ആഘോഷങ്ങളും നടക്കുന്നുണ്ട്. സർഗാവിഷ്കാരങ്ങളുടെ ആസ്വാദകരും കലാകാരന്മാരും സംഘടനകളും വേദി ഉണരാൻ വീർപ്പുമുട്ടിയിരിക്കുകയാണ്.
കല ഉപജീവനമായ നിരവധി പേർക്ക് കോവിഡ് തിരിച്ചടിയായി. ഈ വർഷം ഓണ സീസൺ ആവുമ്പോഴേക്ക് ശരിയാവുമെന്ന പ്രതീക്ഷയും പ്രാർഥനയുമാണുള്ളത്.
ഡിജിറ്റലിലേക്കുള്ള കുതിച്ചോട്ടത്തിന് വേഗം കൂട്ടിയെന്നതാണ് കോവിഡ് കാലത്തിെൻറ ഏറ്റവും വലിയ ഗുണം. സ്കൂൾ ക്ലാസുകൾ മുതൽ ജോലി വരെ വീട്ടിലിരുന്ന് ചെയ്യാമെന്ന സ്ഥിതി വന്നു. ഡിജിറ്റലൈസേഷെൻറ സാധ്യത ശരിക്കും മനസ്സിലാക്കിത്തന്ന ഒരു കാലമാണ് കടന്നുപോയത്. നേരത്തെ ഡിജിറ്റലൈസേഷന് തുടക്കം കുറിച്ചത് കുവൈത്തിന് ഗുണം ചെയ്തു.
ഷോപ്പിങ്ങിന് അപ്പോയൻറ്മെൻറ് നൽകൽ മുതൽ കർഫ്യൂവിന് അത്യാവശ്യക്കാർക്ക് ഇളവ് നൽകൽ ഉൾപ്പെടെ എളുപ്പം സാധിച്ചത് അതുകൊണ്ടാണ്. ഡിജിറ്റലൈസേഷൻ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.