കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷം നടത്തിയ പരിശോധനകളിൽ 2500 വ്യാജ കമ്പനികൾ കണ്ടെത്തി. മാൻപവർ അതോറിറ്റിയിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ കോവിഡ് കാലം ഫലപ്രദമായി പ്രയോജനപ്പെടുത്തി. രാജ്യവ്യാപകമായി നിരവധി പരിശോധന നടത്തി.
ഒരുപാട് വിദേശികൾ നാട്ടിൽ കുടുങ്ങിയത് വിസക്കച്ചവടക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പരിശോധന വ്യാപകമാക്കിയത്. സ്പോൺസർമാരിൽനിന്ന് ചാടിച്ച് ദിവസവേതനത്തിന് പണിയെടുപ്പിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ പുതിയ തൊഴിൽ വിസ അപൂർവമായി മന്ത്രിസഭയുടെ പ്രത്യേകാനുമതിയോടെ മാത്രമെ നൽകുന്നുള്ളൂ.
അതേസമയം, നേരത്തെ വ്യാജമായി ഉണ്ടാക്കിയ കമ്പനികളിലെ തൊഴിലാളികൾ പലയിടത്തായി ജോലി ചെയ്യുന്നു. വ്യാജ കമ്പനി പണം വാങ്ങി വിസ നൽകി കൊണ്ടുവന്നതാണ് ഇവരെ. വിസക്കച്ചവടത്തിനായി മാത്രം പ്രവർത്തിക്കുന്ന കമ്പനികളെ കണ്ടെത്താൻ മാനവശേഷിവകുപ്പ് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.
പരിശോധകർ എത്തുമ്പോൾ പല കമ്പനികളുടെയും ഓഫിസുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു. വാണിജ്യപരമോ ഉൽപാദനപരമോ ആയ ഒരു ഇടപാടും നടത്താതെ വിസക്കച്ചവടത്തിനു മാത്രമാണ് ഇത്തരം ഓഫിസുകൾ പ്രവർത്തിക്കുന്നതെന്നും വ്യക്തമായ മനുഷ്യക്കടത്താണ് കമ്പനി ഉടമകൾ നടത്തിയിരുന്നതെന്നും മാൻ പവർ അതോറിറ്റി വ്യക്തമാക്കി. വ്യാജ കമ്പനികൾക്കു കീഴിലെത്തിയ മുഴുവൻ തൊഴിലാളികളും മറ്റു പലയിടങ്ങളിലുമായി തൊഴിലെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.