കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞവർക്ക് തൊഴിൽ പെർമിറ്റ് പുതുക്കിനൽകില്ലെന്ന തീരുമാനം പുതുതായി എത്തുന്നവർക്ക് മാത്രം ബാധകമാക്കണമെന്ന് അഭ്യർഥന. കുവൈത്ത് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് സർക്കാറിന് മുന്നിൽ അഭ്യർഥന വെച്ചത്. വർഷങ്ങളായി രാജ്യത്തുള്ള വിദേശികൾക്ക് ഈ നിബന്ധന ബാധകമാക്കരുത്. വിവിധ മേഖലകളിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള പ്രവാസികളുടെ സേവനം അവസാനിപ്പിക്കേണ്ടി വരുന്നത് തൊഴിൽവിപണിക്ക് കനത്ത നഷ്ടമാണ്. തൊഴിലാളികളുടെ സേവനം വിസ്മരിക്കാവുന്നതല്ലെന്നും ചേംബർ ചൂണ്ടിക്കാട്ടി.
60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ റെസിഡൻസി പുതുക്കുന്നതിനായി 2,000 ദീനാർ ഫീസ് ഏർപ്പെടുത്തിയ നടപടിക്കെതിരെ പാർലമെൻറ് അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. തീരുമാനം പുനഃപരിശോധിക്കണമെന്ന് എം.പിമാരായ അദ്നാൻ അബ്ദുൽ സമദും ഡോ. ഹമദ് അൽ മതറും സർക്കാറിനോട് ആവശ്യപ്പെട്ടു. അവിദഗ്ധ തൊഴിലാളികളെ പരമാവധി കുറച്ച് രാജ്യത്ത് ജനസംഖ്യ സന്തുലനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ജനുവരിയിൽ മാൻപവർ അതോറിറ്റി പ്രായപരിധി നിബന്ധന നടപ്പാക്കിയത്.
ഇതനുസരിച്ച് ബിരുദ വിദ്യാഭ്യാസമില്ലാത്തവർക്ക് 60 വയസ്സ് കഴിഞ്ഞാൽ വർക്ക് പെർമിറ്റ് പുതുക്കി നൽകില്ല. 2000 ദീനാർ ഇൗടാക്കി വിസ പുതുക്കിനൽകുമെന്ന് പിന്നീട് ഇളവായി പ്രഖ്യാപിച്ചുവെങ്കിലും സാമ്പത്തിക ഭാരം താങ്ങാൻ കഴിയാത്തതിനാൽ അധികമാരും ഇതിന് തയാറായിട്ടില്ല. 42,000ത്തിലേറെ വിദേശികളാണ് പ്രായപരിധി നിബന്ധനയെ തുടർന്ന് കഴിഞ്ഞ വർഷം കുവൈത്ത് വിട്ടത്. ഇത് നിരവധി സ്ഥാപനങ്ങളെ ബാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.