കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ ഇഖാമ പുതുക്കാനുള്ള നിബന്ധനകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യം. വാണിജ്യ വ്യവസായ മന്ത്രി ഡോ. അബ്ദുല്ല അൽ സൽമാൻ ആണ് മാൻപവർ അതോറിറ്റിയോട് ഈ ആവശ്യം ഉന്നയിച്ചത്.
സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസമോ അതിനു താഴെയോ മാത്രം യോഗ്യതയുള്ള 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് വർക്ക് പെർമിറ്റ് പുതുക്കിനൽകില്ലെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് അതോറിറ്റി മേധാവി അഹമ്മദ് അൽ മൂസ ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്.
വിവിധ കോണുകളിൽനിന്ന് എതിർപ്പ് ഉയർന്നതിനെ തുടർന്ന് 2000 ദീനാർ വാർഷിക ഫീസ് ഈടാക്കി ഇഖാമ പുതുക്കി നൽകാൻ മാൻപവർ അതോറിറ്റി സന്നദ്ധമായിരുന്നു.
എന്നാൽ, 2000 ദീനാർ എന്ന ഫീസ് നിരക്ക് പുനഃപരിശോധിക്കണമെന്നാണ് വാണിജ്യ വ്യവസായ മന്ത്രി ഡോ. അബ്ദുല്ല അൽ സൽമാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 500 ദീനാർ ആക്കി ഫീസ് കുറക്കണമെന്നാണ് അദ്ദേഹം അഭ്യർഥിച്ചത്. മന്ത്രിയുടെ അഭ്യർഥന ചർച്ച ചെയ്യാൻ മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് അടുത്ത ദിവസം വീണ്ടും യോഗം ചേരുമെന്നാണ് വിവരം.
ജനസംഖ്യ ക്രമീകരണ നടപടികളുടെ ഭാഗമായാണ് മാൻപവർ അതോറിറ്റി വിദേശികളുടെ തൊഴിൽ പെർമിറ്റുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഇതിനായി 2018ൽ നടപ്പാക്കിയ തൊഴിൽ നിയമത്തിലെ 29ാം അനുച്ഛേദത്തിൽ ഭേദഗതി വരുത്തിയിരുന്നു.
റസ്റ്റാറൻറ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് പ്രായമേറിയവരിൽ അധികപേരും തൊഴിലെടുക്കുന്നത്. തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് പ്രായവും വിദ്യാഭ്യാസയോഗ്യതയും മാനദണ്ഡം ആയപ്പോൾ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് മടങ്ങേണ്ടി വന്നു. കഴിഞ്ഞ ജനുവരി മുതലാണ് പ്രായപരിധി നിബന്ധന പ്രാബല്യത്തിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.