കുവൈത്ത് സിറ്റി: രാജ്യത്ത് 61000 അപ്പാർട്മെൻറുകൾ ഒഴിഞ്ഞുകിടക്കുന്നതായി റിയൽ എസ്റ്റേറ്റ് യൂനിയൻ. ആകെ 3,96,000 അപ്പാർട്മെൻറുകളുണ്ടെന്നാണ് കണക്ക്. വിദേശികളുടെ കൊഴിഞ്ഞുപോക്കും കൂടിയ വാടകയുള്ള അപ്പാർട്മെൻറുകൾ ഒഴിവാക്കിയതുമാണ് ഒഴിവ് വർധിക്കാൻ കാരണമെന്ന് യൂനിയൻ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. നിരവധി വിദേശികൾ കുടുംബത്തെ നാട്ടിലയച്ച് ബാച്ചിലർ മുറികളിലേക്ക് മാറി. സ്വദേശിവത്കരണവും ജീവിതച്ചെലവ് വർധിച്ചതും കാരണം വിദേശി കുടുംബങ്ങൾ കുറഞ്ഞു.
ജീവിതച്ചെലവ് വർധിച്ചതിനാൽ വിദേശികൾ കുടുംബങ്ങളെ നാട്ടിലേക്ക് പറഞ്ഞുവിട്ടതാണ് ഈ മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. താമസക്കാരെ കിട്ടാത്തതിനാൽ പലയിടത്തും വാടക കുറച്ചു. വാടകക്ക് ആളെ ആവശ്യമുണ്ടെന്ന ബോർഡുകൾ മിക്ക കെട്ടിടങ്ങളുടെയും മുന്നിലുണ്ട്. ഇതിനിടയിലും പുതിയ ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്. കോവിഡ് കാലത്ത് അപ്പാർട്മെൻറുകളുടെ വാടകയിൽ പത്തുമുതൽ 15 ശതമാനം വരെ കുറവുണ്ടായി. മാസവാടക കുറഞ്ഞ സ്ഥലങ്ങളായി കണക്കാക്കുന്നത് ജലീബ് അൽ ശുയൂഖും ഖൈത്താനുമാണ്. 210 ദീനാറാണ് ഇവിടത്തെ ശരാശരി വാടകയായി റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, 150 ദീനാർ മുതൽ വാടകയിലും ഫ്ലാറ്റുകൾ ലഭ്യമാണ്. അബൂഹലീഫ 240 ദീനാർ, ഫർവാനിയ 244 എന്നിങ്ങനെയാണ് ശരാശരി വാടക. വിദേശികൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളാണിവ. അതേസമയം, വിദേശികൾ ധാരാളമുള്ളതും എന്നാൽ പൊതുവിൽ വൃത്തിയുള്ളതുമായ സാൽമിയയിൽ വാടക 300 ദീനാറിന് മുകളിലാണ്. ദസ്മനാണ് വാടക കൂടിയ സ്ഥലം. 1080 ദീനാറാണ് ഇവിടുത്തെ ശരാശരി വാടക. ഷാബ് 512, ശർഖ് 464 ദീനാർ, ജാബിരിയ 352 ദീനാർ, സബാഹ് അൽ സാലിം 338 ദീനാർ എന്നിവയാണ് വാടക കൂടിയ സ്ഥലങ്ങൾ. ഇവയെല്ലാം സ്വദേശി താമസമേഖലകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.