കുവൈത്ത് സിറ്റി: പെരുന്നാൾ അവധിക്കാല തിരക്ക് പരിഗണിച്ച് 76 അധിക വിമാന സർവിസുകൾ ഷെഡ്യൂൾ ചെയ്തതായി കുവൈത്ത് വ്യോമയാന വകുപ്പ്. മൂന്നര ലക്ഷത്തിലേറെ പേരാണ് ഏപ്രിൽ 28 മുതൽ മേയ് ഏഴു വരെയുള്ള അവധി നാളുകളിൽ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുമെന്ന് കരുതുന്നത്.
76 അധിക സർവിസുകൾ ഉൾപ്പെടെ 1400 വിമാനങ്ങൾ കുവൈത്തിൽ നിന്നും വിവിധ വിദേശ നഗരങ്ങളിലേക്കും തിരിച്ചും സർവിസ് നടത്തും. 1,44,380 പേർ കുവൈത്തിലേക്ക് വരുന്നവരാണ്. 2,07,760 പേർ കുവൈത്തിൽനിന്ന് പോകുന്നവരുമാണ്. ലണ്ടൻ, പാരിസ്, ഇസ്തംബൂൾ, ദുബൈ, കൈറോ, ജിദ്ദ എന്നീ നഗരങ്ങളാണ് കുവൈത്തിൽനിന്നുള്ള യാത്രക്കാരുടെ പ്രധാന ലക്ഷ്യസ്ഥലങ്ങൾ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ, സർക്കാറിതര ഏജൻസികളുമായും സഹകരിച്ച് അടുത്ത ഒമ്പതു ദിവസത്തെ തിരക്ക് നേരിടാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.
ഈദുൽ ഫിത്ർ അവധി നാളുകളിലെ യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് പ്രത്യേക ഓപറേഷൻ പ്ലാനിനു രൂപം നൽകിയതായി സിവിൽ ഏവിയേഷൻ വകുപ്പിലെ ഓപറേഷൻ ഹെഡ് മൻസൂർ അൽ ഹാഷിമി പറഞ്ഞു. ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ്, വിമാനക്കമ്പനികൾ, ഗ്രൗണ്ട് സർവിസ് എന്നിവയുടെ സഹകരണത്തോടെയാണ് ക്രമീകരണങ്ങൾ. യാത്രാ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ കൂടുതൽ ജീവനക്കാർ 24 മണിക്കൂറും പ്രവർത്തനസജ്ജമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.