കുവൈത്ത് സിറ്റി: ദുരിതം അനുഭവിക്കുന്നവരെ എന്നും നെഞ്ചോടു ചേർത്തുപിടിച്ച ഭരണാധികാരിയായിരുന്നു ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്. പ്രകൃതി ദുരന്തങ്ങളും സംഘർഷങ്ങളും മൂലം ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിൽ കുവൈത്തിന്റെ സജീവശ്രദ്ധ പതിപ്പിക്കുന്നതിൽ ശൈഖ് നവാഫ് മുൻഗണന നൽകി.
പ്രയാസമനുഭവിക്കുന്നവരിൽ കാരുണ്യം ചൊരിയാനും സഹായമെത്തിക്കാനും ശൈഖ് നവാഫിന്റെ നേതൃത്വത്തില്‍ കുവൈത്ത് എന്നും മുന്‍പന്തിയിൽ നിന്നു.
അടുത്തിടെ ഇസ്രായേൽ ആക്രമണത്തിൽ സര്‍വവും നഷ്ടപ്പെട്ട ഫലസ്തീനിലേക്ക് സഹായം എത്തിക്കുന്നതിലും കുവൈത്ത് അമീറിന്റെ പങ്ക് നിസ്തുലമാണ്. ഗസ്സയുടെ നിലവിളികൾക്ക് മാനുഷിക സഹായവുമായി ആദ്യം രംഗത്തെത്തിയത് കുവൈത്താണ്. സംഘർഷത്തിനു മുമ്പും ഫലസ്തീന് ശക്തമായ പിന്തുണ നൽകുന്ന രാജ്യമാണ് കുവൈത്ത്. വിവിധ സഹായ പദ്ധതികളുമായി ഫലസ്തീനെ കുവൈത്ത് നിരന്തരം പിന്തുണച്ചുപോരുന്നുണ്ട്.
ആഭ്യന്തരസംഘർഷം മൂലം ദുരിതം അനുഭവിക്കുന്ന സുഡാനും ഭൂകമ്പം തകര്‍ത്ത തുര്‍ക്കിയ, സിറിയ എന്നിവക്കും സഹായം എത്തിക്കുന്നതിലും കുവൈത്ത് ശ്രദ്ധ പുലർത്തി. ലോകത്തെ വിവിധ ദേശങ്ങളിലെ ജനങ്ങളും കുവൈത്ത് അമീറിന്റെ കരുതലും സ്നേഹവും അനുഭവിച്ചവരാണ്. ആഗോളതലത്തില്‍ സഹായം എത്തിക്കുന്നതില്‍ എന്നും മുന്നിലുണ്ടായിരുന്ന മനുഷ്യസ്നേഹിയായ ഭരണാധികാരിയെയാണ് ലോകത്തിന് നഷ്ടപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.