കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് വിജയികൾക്ക് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ആശംസകൾ നേർന്നു. കുവൈത്ത് ജനതയുടെ വിശ്വാസം നേടിയതിന് എല്ലാ വിജയികളെയും അഭിനന്ദിക്കുന്നതായി അമീർ അറിയിച്ചു. ജനങ്ങളുടെ പ്രതിനിധികളാകാനും ഉത്സാഹത്തോടെ രാജ്യത്തിന്റെ മികച്ച ഭാവിക്കായുള്ള തങ്ങളുടെ അഭിലാഷം സാക്ഷാത്കരിക്കാനും അമീർ ആഹ്വാനം ചെയ്തു.
വിജയികളെ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും അഭിനന്ദിച്ചു. കുവൈത്ത് ജനതയെ പ്രതിനിധീകരിക്കാനുള്ള ഉദ്യമത്തിൽ എല്ലാ എം.പിമാർക്കും അദ്ദേഹം ആശംസകൾ നേർന്നു. ദേശീയ അസംബ്ലി വിജയികളെ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് ആശംസകൾ അറിയിച്ചു.
തെരഞ്ഞെടുപ്പ് സുഗമമായി ഏകോപിപ്പിച്ചതിന് നാഷനൽ ഗാർഡ് ചീഫ് ശൈഖ് സലിം അൽ അലി അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് എന്നിവരെയും അമീർ അഭിനന്ദിച്ചു.
മുനിസിപ്പാലിറ്റി കാര്യ, വാർത്താവിനിമയ കാര്യ സഹമന്ത്രി അലി അൽ ഷോല, വാർത്താവിതരണ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ മുതൈരി, വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അൽ അദാനി, നീതിന്യായ-ഔഖാഫ് മന്ത്രി ഡോ. അമർ മുഹമ്മദ്, ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി, സ്ത്രീ-ശിശുകാര്യമന്ത്രി മായ് അൽ ബാഗ്ലി, ഫയർഫോഴ്സ് മേധാവി ലഫ്. ജനറൽ ഖാലിദ് അൽ മെക്രാദ്, ജുഡീഷ്യൽ കമ്മിറ്റി അംഗങ്ങൾ എന്നിവരെയും അമീർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.