അബ്ബാസിയ: മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിൽ മലിനജലം റോഡിൽ ഒഴുകി ജീവിതം ദുസ്സഹമാവുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ വിദേശികൾ തിങ്ങിത്താമസിക്കുന്ന മേഖലയാണ് അബ്ബാസിയ, ഹസാവി പ്രദേശങ്ങൾ ഉൾപ്പെടുന്ന ജലീബ് അൽ ശുയൂഖ്. ഏഷ്യക്കാരും ഇന്ത്യക്കാരും ഏറെയുള്ള ഇവിടങ്ങളിൽ മലയാളികളുടെ എണ്ണവും കുറവല്ല. രാജ്യത്ത് ഏറ്റവും അവഗണിക്കപ്പെട്ട മേഖലയും വേറൊന്നല്ല. കക്കൂസ് മാലിന്യം ഉൾപ്പെടെ റോഡിൽ പരന്നൊഴുകുന്ന ഭാഗങ്ങളുണ്ട് ഇവിടെ. ഏറെ മുറവിളികളുണ്ടായിട്ടും വലിയ മാറ്റങ്ങളൊന്നുമില്ലാതെ തുടരുന്ന പ്രദേശത്തെ വൃത്തിയില്ലായ്മ നാൾക്കുനാൾ കൂടുന്നതല്ലാതെ കുറയുന്നതിെൻറ ലക്ഷണമൊന്നും കാണാനില്ല. ഒാടകൾ മാലിന്യം നിറഞ്ഞ് ഒഴുക്കുനിലച്ചിരിക്കുന്നു ചിലയിടത്ത്. അബ്ബാസിയയുടെയും ഹസാവിയുടെയുമെല്ലാം ഉൾഭാഗങ്ങൾ മനുഷ്യർക്ക് വാസയോഗ്യമല്ലാത്തവിധം ദുർഗന്ധപൂരിതവും വൃത്തിഹീനവുമായിരിക്കുകയാണ്. ഉൾഭാഗത്ത് സ്ഥിതി ദയനീയമാണ്.
പലയിടത്തും മാലിന്യം നിക്ഷേപിക്കപ്പെടുന്നതും റോഡിൽതന്നെ. മാലിന്യക്കുപ്പകളുണ്ടെങ്കിലും അത് നിറഞ്ഞുകവിയുന്നത് റോഡിലേക്കാണ്. ഫർണിച്ചർ, പ്ലാസ്റ്റിക് അവശിഷ്ടങ്ങൾകൂടിയെത്തുന്നതോടെ റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് മിക്കയിടത്തും. ചില റോഡുകളിൽ ഒരിക്കലും അനങ്ങാത്ത വലിയ ട്രക്കുകൾ പാർക്ക് ചെയ്യുന്നതും യാത്രക്കാരെ പ്രയാസപ്പെടുത്തുന്നു.
സമീപത്തെ താമസക്കാർക്കുതന്നെ തങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാതെ നട്ടം തിരിയുന്ന അബ്ബാസിയയിലെ ഉൾറോഡുകളിലാണ് കാൽനടക്കാർക്കും വാഹനയാത്രികർക്കും ഒരുപോലെ മാർഗതടസ്സം സൃഷ്ടിക്കുന്ന ട്രക്കുകളുടെ കിടപ്പ്. നേരത്തെ, പ്രദേശത്തെ സുരക്ഷാ സംവിധാനം വർധിപ്പിക്കാനും ശുചിത്വമില്ലായ്മക്ക് പരിഹാരം കാണാനും മലയാളി സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ചില ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ, അവക്ക് തുടർച്ചയുണ്ടായില്ല. അബ്ബാസിയയിലെ പ്രശ്നങ്ങൾ ഇന്ത്യൻ എംബസിയുടെയും അതുവഴി കുവൈത്ത് അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപവത്കൃതമായ കോഒാഡിനേഷൻ കമ്മിറ്റി ഓഫ് ഇന്ത്യൻ അസോസിയേഷൻസ് മുൻകൈയടുത്താണ് പരിഹാര ശ്രമം തുടങ്ങിയിരുന്നത്.
ആദ്യ പടിയെന്ന നിലയിൽ ജൂണിൽ ഫർവാനിയ ഗവർണറേറ്റ് റോഡ് മെയിൻറനൻസ് ഡിപ്പാർട്ട്മെൻറ് ആൻഡ് സാനിറ്ററി നെറ്റ്വർക്സ് ഡയറട്കർ എൻജിനീയർ ഈദ് സമാൻ അൽ മുതൈരിയും സംഘവും അബ്ബാസിയയിലെ റോഡുകളുടെയും അഴുക്കുചാൽ സംവിധാനത്തിെൻറയുമൊക്കെ ശോച്യാവസ്ഥ നേരിൽ കാണാനെത്തിയിരുന്നു. കോഒാഡിനേഷൻ കമ്മിറ്റി അംഗങ്ങളുമൊത്ത് വിവിധ സ്ഥലങ്ങൾ സന്ദർശിച്ച അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തുകയും അടിയന്തര പ്രശ്ന പരിഹാര നടപടികളെടുക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും പ്രദേശത്തിെൻറ ദുർഗതിക്ക് മാറ്റമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.