കുവൈത്ത് സിറ്റി: ഗുരുതര രോഗങ്ങളുടെ ചികിത്സക്ക് ഇനി അത്യാധുനിക റോബോട്ടിക് സർജറി സഹായം. ശൈഖ് സബാഹ് അഹ്മദ് യൂറോളജി സെന്ററിൽ ശസ്ത്രക്രിയക്ക് അത്യാധുനിക റോബോട്ടുകൾ സജ്ജീകരിച്ചു. കഴിഞ്ഞ ദിവസം കാൻസർ ബാധിച്ച രോഗിയുടെ പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കുന്നതിന് റോബോട്ടിന്റെ സഹായത്തോടെ വിജയകരമായി ശസ്ത്രക്രിയ നടത്തി. ഡാവിഞ്ചി സി എന്ന സർജിക്കൽ റോബോട്ടിന്റെ സഹായത്തോടെയാണ് സര്‍ജറി പൂർത്തിയാക്കിയത്. യൂറോളജി വിഭാഗം മേധാവിയും റോബോട്ടിക് സർജനുമായ അലി അബ്ദുൽ വഹാബാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.
സർജിക്കൽ റോബോട്ടുകളുടെ സഹായത്തോടെ വേദന കുറച്ച്, കൂടുതൽ കൃത്യതയോടെ ശസ്ത്രക്രിയ പൂർത്തിയാക്കാൻ കഴിയും. റോബോട്ട് പിന്തുണയോടെ ശസ്ത്രക്രിയകള്‍ നടത്തുമ്പോള്‍ കുറഞ്ഞ അളവിലെ രക്തനഷ്ടമേ ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. ഡാവിഞ്ചി സർജിക്കൽ സിസ്റ്റം ഉപയോഗിക്കുന്നതിലൂടെ അണുബാധക്കുള്ള സാധ്യത കുറക്കാം. ആശുപത്രി വാസവും കുറഞ്ഞ കാലത്തേക്കു മതിയെന്നും ഡോ. അലി അബ്ദുൽ വഹാബ് പറഞ്ഞു. വൃക്കരോഗവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നമുള്ള മറ്റൊരു രോഗിക്കും സര്‍ജറി നടത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നേരത്തേ ജാബിർ ആശുപത്രിയിൽ ഉദരസംബന്ധമായ പ്രശ്നങ്ങളുള്ള രോഗികൾക്ക് റോബോട്ടുകളുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.