കുവൈത്ത് സിറ്റി: അപ്രതീക്ഷിതമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതോടെ കുവൈത്തിൽ നിന്നുള്ള യാത്രക്കാരും വലഞ്ഞു. കോഴിക്കോട്ടു നിന്നു കുവൈത്തിലേക്കുള്ള ഒരു സർവിസും കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ള ഒരോ സർവിസുകളും ബുധനാഴ്ച റദ്ദായി. ഇതോടെ അത്യാവശ്യ യാത്രക്കാർ ദുരിതത്തിലായി. വിമാനം റദ്ദാക്കിയ വിവരം പുലർച്ചയാണ് പലർക്കും സന്ദേശമായി ലഭിച്ചത്. അതിനു മുമ്പ് മിക്കവരും ലഗേജ് ഒരുക്കുകയും യാത്രക്ക് തയാറെടുക്കുകയും ചെയ്തിരുന്നു. സന്ദേശം ശ്രദ്ധിക്കാത്ത ചിലർ വിമാനത്താവളത്തിൽ എത്തുകയും ഉണ്ടായി.
വിമാനം റദ്ദാക്കിയത് ചുരുങ്ങിയ ദിവസങ്ങളിൽ ലീവെടുത്തുപോകുന്നവരുടെ ഒരു അവധി ദിവസവും നഷ്ടപ്പെടുത്തി. അത്യാവശ്യത്തിന് നാട്ടിൽ എത്തേണ്ടവർ മറ്റു വിമാനങ്ങൾക്ക് ടിക്കറ്റ് എടുത്ത് യാത്രതിരിച്ചു. എന്നാൽ, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് കുവൈത്തിൽ നിന്ന് നേരിട്ട് മറ്റു വിമാന സർവിസുകൾ ഇല്ലാത്തത് യാത്രക്കാരുടെ ദുരിതം കൂട്ടി. കണക്ഷൻ വിമാനത്തിൽ മറ്റു രാജ്യങ്ങൾ വഴിയാണ് ചിലർ തിരിച്ചത്. ഇത് അധിക പണച്ചെലവും സമയനഷ്ടവും ഉണ്ടാക്കി.
കോഴിക്കോടുനിന്ന് രാവിലെ ഒമ്പതിനു പുറപ്പെട്ട് 11.40ന് കുവൈത്തിൽ എത്തുന്ന വിമാനം റദ്ദായതോടെ ബുധൻ, വ്യാഴം ദിവസങ്ങളിൽ ജോലിക്കു കയറേണ്ടവർക്ക് ഒരു ദിവസം നഷ്ടപ്പെട്ടു. നാട്ടിൽ നിന്നുള്ള വിമാനം എത്താത്തതിനാൽ കുവൈത്തിൽ നിന്നു 12.40ന് കോഴിക്കോട്ടേക്കുള്ള വിമാനവും പുറപ്പെട്ടില്ല. രാത്രി 8.10ന് കോഴിക്കോട് എത്തുന്ന വിമാനമാണിത്. കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് വൈകീട്ട് 7.25ന് പുറപ്പെടുന്ന വിമാനമാണ് റദ്ദാക്കിയ മറ്റൊന്ന്. പുലർച്ചെ 2.55 കണ്ണൂരിൽ എത്തേണ്ട വിമാനമാണിത്. കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് ബുധൻ, ഞായർ ദിവസങ്ങളിലായി എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് സർവിസ് നടത്തുന്നത്. ഇതിനാൽ കണ്ണൂർ യാത്രക്കാർ ഇനി ഞായറാഴ്ചവരെ കാത്തിരിക്കണം. റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാർക്ക് ഒരാഴ്ചക്കകമുള്ള ഏത് ദിവസത്തേക്കും സൗജന്യമായി തീയതി മാറ്റി നൽകും, അല്ലാത്തവർക്ക് മുഴുവൻ റീഫണ്ടും നൽകുമെന്ന് വിമാന കമ്പനി അറിയിച്ചിട്ടുണ്ട്.
കുവൈത്ത് സിറ്റി: രണ്ടാഴ്ചത്തെ അവധി ലഭിച്ചതിന്റെ ആഹ്ലാദത്തിൽ നാട്ടിലേക്ക് യാത്രക്കുള്ള ഒരുക്കത്തിലായിരുന്നു കാസർകോട് നീലേശ്വരം സ്വദേശി ഉപേന്ദ്രൻ. വീട്ടുകാരെ കാണാം എന്നതിനൊപ്പം തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവ കാലവുമാണ്. എല്ലാം കണക്കുകൂട്ടിയാണ് കണ്ണൂരിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ ബുധനാഴ്ചയിലേക്ക് ടിക്കറ്റ് എടുത്തത്.
ചൊവ്വാഴ്ച പെട്ടിയും ബാഗുമെല്ലാം കെട്ടിവെച്ചാണ് ഉറങ്ങാൻ കിടന്നത്. കൈയിലുള്ള കുവൈത്ത് ദീനാർ നാട്ടിലയക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ പോകാനായുള്ള ഒരുക്കത്തിനിടെയാണ് 11മണിയോടെ വിമാനം റദ്ദാക്കിയതായി മെസേജ് വന്നത്. കണ്ണൂരിലേക്ക് ഇനി ഞായറാഴ്ചയാണ് വിമാനം എന്നതിനാൽ എന്തു ചെയ്യും എന്ന ചിന്തയിലാണ് ഉപേന്ദ്രൻ.
വേറെ വിമാനത്തിന് ടിക്കറ്റെടുക്കാം എന്നു കരുതിയാൽ ഇനി കടം വാങ്ങണം. എക്സ്പ്രസിനെ കാത്തിരുന്നാൽ ഞായറാഴ്ച ആകണം. റീഫണ്ട് ചെയ്യുമെന്ന് കമ്പനി പറയുമെങ്കിലും എന്നു കിട്ടാനാണ് എന്ന ചോദ്യവും ഉയർത്തുന്നു ഉപേന്ദ്രൻ. നേരത്തെ ഗോഫസ്റ്റ് വിമാനം റദ്ദാക്കിയതിന്റെ പണം ഇതുവരെ തിരികെ കിട്ടാത്തതിന്റെ അനുഭവവും പങ്കുവെക്കുന്നു ഉപേന്ദ്രൻ.
കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് വിമാനങ്ങളുണ്ടെങ്കിലും അവിടുന്ന് നീലേശ്വരത്ത് എത്തുന്നത് വലിയ പ്രയാസമാണെന്നും ഉപേന്ദ്രൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.