എയർ സുവിധ: പ്രവാസികൾക്ക്​ ആശ്വാസ പ്രഖ്യാപനം

കുവൈത്ത് സിറ്റി: രണ്ട്​ വർഷമായി പ്രവാസികളെ വലച്ചിരുന്ന എയർ സുവിധ എന്ന ദുരിതം ഒഴിവായതിന്‍റെ ആശ്വാസത്തിൽ പ്രവാസികൾ. പ്രവാസികൾ നിരന്തരമായി നൽകിയ ​നിവേദനങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ്​ എയർ സുവിധ പിൻവലിച്ചത്​.

തിങ്കളാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. മാസ്കും പി.സി.ആർ പരിശോധനയുമെല്ലാം ഒഴിവാക്കിയിട്ടും ഇന്ത്യയിലേക്കുള്ള വിദേശ യാത്രക്കാർ എയർസുവിധയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കാത്തത്​ വിമർശനത്തിനിടയാക്കിയിരുന്നു. വിദേശരാജ്യങ്ങളിൽ നിന്ന്​ ഇന്ത്യയിലേക്ക്​ പോകുന്നവർ യാത്രക്ക്​ മുൻപ്​ ഡൽഹി വിമാനത്താവളത്തിന്‍റെ വെബ്​സൈറ്റിൽ (എയർ സുവിധ സൈറ്റ്​) രജിസ്റ്റർ ചെയ്യണമെന്നായിരുന്നു നിബന്ധന. കോവിഡ്​ രൂക്ഷമായ സമയത്ത്​ യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കാനാണ്​ ഈ നിബന്ധന ഏർപെടുത്തിയത്​. വാക്സിനെടുക്കാത്തവർ പി.സി.ആർ ഫലവും ഇതോടൊപ്പം നൽകണമെന്ന്​ നിബന്ധനയുണ്ടായിരുന്നു. എന്നാൽ, രേഖകൾ സമർപ്പിച്ചാലും അപ്രൂവൽ ലഭിക്കാത്തത്​ യാത്രക്കാരെ വലച്ചിരുന്നു.

അടുത്ത ബന്ധുക്കൾ മരിച്ചിട്ടും എയർ സുവിധയുടെ അനുമതി ലഭിക്കാത്തതിനാൽ കൃത്യ സമയത്ത്​ നാട്ടിലെത്താൻ കഴിയാത്ത സംഭവങ്ങൾ പോലുമുണ്ടായി. നേരത്തെ, അടിയന്തര ആവശ്യങ്ങൾക്ക്​ നാട്ടിലെത്തുന്നവർക്ക്​ എയർ സുവിധ ആവശ്യമില്ലെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചെങ്കിലും പിന്നീട്​ എല്ലാവർക്കും നിർബന്ധമാക്കി. പലരും വിമാനത്താവളത്തിലെത്തുമ്പോഴാണ്​ എയർ സുവിധയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന വിവരം അറിഞ്ഞിരുന്നത്​. ഇത്തരക്കാർ അധിക തുക നൽകി വിമാനത്താവളത്തിൽ നിന്ന്​ തന്നെ രജിസ്റ്റർ ചെയ്ത്​ പ്രിന്‍റെടുത്തിരുന്നു.

സാ​ങ്കേതിക പരിജ്ഞാനമില്ലാത്ത പ്രായമായവരാണ്​ ഈ സംവിധാനം കൊണ്ട്​ ഏറ്റവുമധികം ബുദ്ധിമുട്ടിയിരുന്നത്​. ഇവർ അധിക പണം നൽകി ടൈപ്പിങ്​ സെന്‍ററിലോ ട്രാവൽ ഏജൻസിയിലോ എത്തിയാണ്​ എയർസുവിധ പ്രിന്‍റെടുത്തിരുന്നത്​. ​എയർ സുവിധ നിർത്തലാക്കണമെന്ന്​ കഴിഞ്ഞ ദിവസം ​കോൺഗ്രസ്​ നേതാക്കളായ വി.ഡി. സതീശൻ, ശശി തരൂർ തുടങ്ങിയവർ ആവശ്യപ്പെട്ടിരുന്നു. വിമാനത്തിൽ മാസ്ക്​ ധരിക്കൽ നിർബന്ധമില്ല എന്ന്​ കേന്ദ്രം പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ എയർ സുവിധയും ഒഴിവാക്കിയത്​.

Tags:    
News Summary - Air Suvidha: Relief announcement for expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.