കുവൈത്ത് സിറ്റി: പ്രവാസികളുടെ ദീർഘകാല ആവശ്യമായ വിമാന ടിക്കറ്റ് നിരക്കിലെ നിയന്ത്രണം ഉടനെയൊന്നും നടപ്പിലാകില്ല. ഇതു സംബന്ധിച്ച് നൽകിയ അപേക്ഷകൾ കേന്ദ്ര വ്യോമയാനമന്ത്രി തള്ളി. വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെടാൻ കഴിയില്ലെന്നും വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയതോടെ ഇതു സംബന്ധിച്ച പ്രതീക്ഷകൾ അവസാനിച്ച നിരാശയിലാണ് പ്രവാസികൾ.
അവധിക്കാലത്തും ആഘോഷകാലങ്ങളിലും വിമാന കമ്പനികൾ അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് ഏറെക്കാലമായി പ്രവാസികൾ നേരിടുന്ന പ്രശ്നമാണ്. ഇതിനെതിരെ നിവേദനങ്ങളും പരാതികളുമായി നിരന്തരമായി നടക്കുന്നുണ്ടെങ്കിലും പരിഹാരം ആയില്ല. ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് വിമാനക്കമ്പനികൾ നീതീകരണമില്ലാത്ത നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് അടൂർ പ്രകാശ് എം.പി വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്ത് നൽകിയിരുന്നു.
ഇതിന് നൽകിയ മറുപടിയിലാണ് കേന്ദ്രത്തിന് ഇടപെടാനാകില്ലെന്നറിയിച്ചത്. അവധിക്കാലത്തെ യാത്രാതിരക്കും വിമാന ഇന്ധന വിലയിലെ വർധനയുമാണ് ഉയർന്ന നിരക്കിന് കാരണമായി കേന്ദ്ര സർക്കാർ പറയുന്നത്. കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചിരുന്നു.
ഉയർന്ന ടിക്കറ്റ് നിരക്ക് പ്രവാസികൾക്ക് വലിയ സാമ്പത്തിക ചെലവ് വരുത്തുന്നതും, ഉയർന്ന നിരക്ക് കാരണം നിരവധി പേര്‍ക്ക് കേരളത്തിലേക്കുള്ള യാത്ര മാറ്റുവെക്കേണ്ടി വന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലും അനുകൂലമായ നിലപാട് വ്യോമയാനമന്ത്രിയിൽ നിന്നുണ്ടായില്ല. പ്രവാസി ലീഗൽ സെല്ലും വിഷയത്തിൽ കേന്ദ്ര സർക്കാറിനെ സമീപിച്ചിരുന്നു.
കുവൈത്ത് സിറ്റി: വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെടാനാവില്ലെന്ന കേന്ദ്രസർക്കാറിന്റെ നിലപാട് പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് പ്രവാസി ലീഗൽ സെൽ. നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെല്ലും, കേരള മുഖ്യമന്ത്രിയും, എം.പിമാരും മറ്റു സംഘടനകളും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചിരുന്നു.
അതിനൊന്നും ഒരു വിലയും കൽപിക്കാതെയാണ് വ്യോമയാനമന്ത്രിയുടെ പ്രതികരണം. നിരക്ക് വർധന പിടിച്ചു നിർത്താൻ ചർച്ചക്കോ, ചാർട്ടേഡ് വിമാനങ്ങൾ ഉൾെപ്പടെ കൂടുതൽ സർവിസുകൾ അനുവദിക്കുന്നതിനോ തയാറായതുമില്ല.
നിരക്ക് കൂടാൻ യാത്രക്കാരുടെ തിരക്കും ഇന്ധനവില വർധനയും കാരണമാണെന്ന വ്യോമയാന മന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണ്. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഗൾഫിൽനിന്നും പ്രത്യേക ചാർട്ടേഡ് വിമാനം ഏർപ്പെടുത്താനും മന്ത്രാലയം അനുവദിച്ചില്ല. കേന്ദ്രത്തിന്റെ പ്രവാസികളോടുളള അവഗണനക്ക് ഉദാഹരണമാണിത്.
ഇന്ത്യയിൽ വിമാനക്കൂലി നിർണയം നിലവിൽ സർക്കാർ നിയന്ത്രണത്തിലല്ല. കമ്പോളശക്തികൾ നിരക്ക് നിർണയിക്കുന്നു എന്ന വാദമാണ് കാലാകാലങ്ങളായി സർക്കാർ ഉന്നയിക്കുന്നത്. ഈ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ സമീപിച്ചപ്പോൾ പോളിസി വിഷയമായതിനാൽ സർക്കാറാണ് നടപടി എടുക്കേണ്ടത് എന്നാണ് കോടതി നിരീക്ഷിച്ചത്.
വിഷയത്തിൽ ഇടപെടണമെന്ന ആവശ്യമുന്നയിച്ച് വീണ്ടും കോടതിയെ സമീപിക്കുമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, പ്രവാസി ലീഗൽ സെൽ കുവൈത്ത് ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, കോഓഡിനേറ്റർ അനിൽ മൂടാടി എന്നിവർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.