കുവൈത്ത് സിറ്റി: അമീർ കപ്പ് ഫുട്ബാൾ കിരീടം 16ാം തവണയും നെഞ്ചോടുചേർത്ത് കുവൈത്ത് സ്പോർട്സ് ക്ലബ് പുതുചരിത്രം തീർത്തു. ജാബിർ അൽ അഹമ്മദ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഹോൾഡേഴ്സ് കസ്മയെ 3-0ത്തിന് തോൽപിച്ചാണ് 2022-2023 സീസണിലെ കിരീടനേട്ടം. ഇതോടെ അമീർ കപ്പ് ചരിത്രത്തിൽ കുവൈത്ത് സ്പോർട്സ് ക്ലബ് പുതിയ റെക്കോഡ് എഴുതി.
രാജ്യത്ത് പുരുഷന്മാർക്കുള്ള പ്രധാന പ്രഫഷനൽ ഫുട്ബാൾ ചാമ്പ്യൻഷിപ്പാണ് അമീർ കപ്പ്. 1962ലാണ് അമീർ കപ്പിന് തുടക്കം. രാജ്യത്തെ ഏറ്റവും മൂല്യവത്തായ കപ്പായി ഇത് കണക്കാക്കപ്പെടുന്നു. എല്ലാ വർഷവും ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ 16 ടീമുകളാണ് കിരീടത്തിനായി മത്സരിക്കുന്നത്. ഖാദ്സിയ, അറബി, കുവൈത്ത് സ്പോർട്സ് ക്ലബ് എന്നിവയാണ് ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ടീമുകൾ.
അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് വിജയികൾക്ക് അഭിനന്ദനങ്ങൾ നേർന്നു. ഫൈനലിലെ ഇരു ടീമുകളുടെയും മികച്ച പ്രകടനത്തെ പ്രശംസിച്ച അമീർ പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ടീമുകൾക്കും കളിക്കാർക്കും കൂടുതൽ നേട്ടങ്ങൾ ഉണ്ടാകട്ടെ എന്നും ആശംസിച്ചു. അമീറിന്റെ പ്രതിനിധിയായി പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് വിജയികൾക്ക് ട്രോഫി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.