കുവൈത്ത് സിറ്റി: 2021ലെ അമീരി കാരുണ്യ ഭാഗമായി ഇളവുനൽകുന്ന തടവുകാരുടെ പട്ടിക തയാറാക്കുന്നതിനുള്ള വ്യവസ്ഥകൾ തീരുമാനിച്ചു. അടുത്ത ദിവസങ്ങളിൽ ഇത് നീതിന്യായ മന്ത്രാലയം അംഗീകരിക്കുന്നതോടെ തടവുകാരുടെ പട്ടിക തയാറാക്കുന്ന നടപടികളിലേക്ക് നീങ്ങും. തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെ കാര്യങ്ങൾ പരിഗണിച്ചാണ് അമീരി കാരുണ്യത്തിൽ ഉൾപ്പെടുത്തേണ്ട തടവുകാരുടെ പട്ടിക തയാറാക്കുക.
ആഭ്യന്തര മന്ത്രാലയം, നീതിന്യായ മന്ത്രാലയം, അമീരി ദീവാനി എന്നിവയിലെ പ്രതിനിധികളടങ്ങിയ പ്രത്യേക സമിതിയാണ് ഇളവിന് അർഹരായ തടവുകാരുടെ പട്ടികക്ക് അന്തിമരൂപം നൽകുക. തീവ്രവാദ കേസിലും മനുഷ്യക്കടത്ത് കേസിലും ഉൾപ്പെട്ടവർക്ക് അമീരി കാരുണ്യത്തിൽ ഇളവ് നൽകില്ല. 2020ലെ അമീരി കാരുണ്യപ്രകാരം 958 തടവുകാർക്കാണ് മോചനം നൽകിയത്.
മൊത്തം 2370 തടവുകാർക്ക് ശിക്ഷയിളവ് ലഭിച്ചു. മോചിപ്പിക്കപ്പെട്ടവർ ഒഴികെയുള്ളവർക്ക് ശിക്ഷാകാലാവധി കുറച്ചുകൊടുക്കുകയോ പിഴ ഒഴിവാക്കി നൽകുകയോ ആണ് ചെയ്തത്. ഇത്തവണ കൂടുതൽ ഉദാരമായ വ്യവസ്ഥകളോടെ കൂടുതൽ പേർക്ക് ഇളവ് നൽകിയേക്കും.
കോവിഡ് പശ്ചാത്തലത്തിൽ ജയിൽ അന്തേവാസികളുടെ എണ്ണം കുറക്കുകയെന്ന നിലപാടാണ് അധികൃതർക്കുള്ളത്. പൊതുവിൽ ജയിലിൽ ആളധികം അനുഭവപ്പെടുന്നുണ്ട്. പുതിയ അമീറിന് കീഴിലാണ് ഇത്തവണ അമീരി കാരുണ്യപ്രകാരം ശിക്ഷയിളവ് ലഭിക്കുകയെന്ന പ്രത്യേകതയുണ്ട്.അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്ത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ശിക്ഷയിളവ് ലഭിക്കുന്ന തടവുകാരുടെ പട്ടിക പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.