കുവൈത്ത് സിറ്റി: 26ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ ഇന്ന് ഒമാനും ബഹ്റൈനും ഏറ്റുമുട്ടും. വൈകീട്ട് ഏഴിന് ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം.
ചെവ്വാഴ്ച നടന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ സൗദി അറേബ്യയെ തകർത്താണ് ഒമാന്റെ ഫൈനൽ പ്രവേശനം. സ്വന്തം മണ്ണിൽ കുവൈത്തിനെ മുട്ടുകുത്തിച്ചാണ് ബഹ്റൈൻ കലാശകളിക്ക് എത്തുന്നത്.
നേരത്തെ രണ്ടുതവണ ഗൾഫ് കപ്പ് കിരീടം ഉയർത്തിയ ഒമാൻ മികച്ച ഫോമിലാണ്. ഒരു കളിയും തോൽക്കാതെയാണ് ഒമാന്റെ ഫൈനലിലേക്കുള്ള കുതിപ്പ്. ഇത് ഒമാന്‍ നേരിയ മുൻതൂക്കം നൽകുന്നുണ്ട്. ഫൈനലിൽ ബഹ്റൈനെ കീഴടക്കി മൂന്നാം കിരീട നേട്ടമാണ് ഒമാന്റെ ലക്ഷ്യം.
മറുഭാഗത്ത് ബഹ്റൈനും പ്രതീക്ഷയിലാണ്. 10 പേരുമായി കളിച്ച് സെമി ഫൈനലിൽ കുവൈത്തിനെ തറപ്പറ്റിക്കാൻ കഴിഞ്ഞതിലുള്ള ആത്മവിശ്വാസം ബഹ്റൈനുണ്ട്. ഫൈനലിൽ മികച്ച വിജയത്തോടെ രണ്ടാം ഗൾഫ് കപ്പ് കിരീടം ബഹ്റൈൻ സ്വപ്നം കാണുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സിറിയയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും മികച്ച ടീമായാണ് ബഹ്റൈൻ ഫൈനൽ മത്സരത്തിനിറങ്ങുന്നത്.
ഫൈനൽ മത്സര സമാപന ചടങ്ങിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവർ പങ്കെടുക്കും.
ഗൾഫ് ഫുട്ബാൾ ചരിത്രത്തെ സ്വാധീനിക്കുകയും ഭാവി തലമുറകൾക്ക് പ്രചോദനാത്മകമായ പാരമ്പര്യം അവശേഷിപ്പിക്കുകയും ചെയ്ത ഗൾഫ് ഫുട്ബാൾ ഇതിഹാസ താരങ്ങളെ സമാപന ചടങ്ങിൽ ആദരിക്കും.
കുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ ഒമാൻ കളിക്കാർക്ക് ആവേശം പകരാൻ ആരാധകർ കുവൈത്തിലേക്ക് ഒഴുകും.
‘ഞങ്ങൾ എല്ലാവരും ദേശീയ ടീമിനൊപ്പം’ എന്ന ദേശീയ കാമ്പയിനിന്റെ ഭാഗമായി ആരാധകരെ ആറുവിമാനത്തിലായി കുവൈത്തിൽ എത്തിക്കുമെന്ന് സാംസ്കാരിക, കായിക, യുവജന മന്ത്രാലയം പ്രഖ്യാപിച്ചു. 60,000 കാണികളെ ഉൾക്കൊള്ളുന്ന ജാബിർ അൽ അഹമ്മദ് ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ ഒമാനി ആരാധകർക്കായി 20,000ലധികം ടിക്കറ്റ് അനുവദിച്ചിട്ടുണ്ടെന്ന് ഒമാൻ ഫുട്ബാൾ അസോസിയേഷൻ പറഞ്ഞു.
ആരാധകർക്കായി ദേശീയ വിമാനകമ്പനിയായ ഒമാൻ എയർ ഒരുക്കിയ 100 സൗജന്യ എയർ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം വിറ്റഴിഞ്ഞ് പോകുകയും ചെയ്തു. ആരാധകരുടെ സാന്നിധ്യം ടീമിന് ഗുണം ചെയ്യുമെന്നാണ് കണക്ക് കൂട്ടുന്നത്. 2009ലും 2017ലും ഒമാൻ കപ്പ് നേടിയപ്പോൾ ആരാധകരുടെ സാന്നിധ്യം ടീമിന് വലിയ പ്രചോദനമേകിയിരുന്നു. സെമിഫൈനലിലേക്ക് പ്രത്യേക വിമാനങ്ങളിലായി നൂറുകണക്കിന് ആരാധകരെ ഒമാൻ ഫുട്ബാൾ അസോസിയേഷൻ കുവൈത്തിൽ എത്തിച്ചിരുന്നു.
കുവൈത്ത് സിറ്റി: ഗള്‍ഫ് കപ്പ് ഫൈനല്‍ ഫുട്ബാള്‍ മത്സരം കാണാൻ ബഹ്റൈൻ ആരാധകർക്ക് പ്രത്യേക വിമാന സർവിസുമായി ഗള്‍ഫ് എയര്‍. ബഹ്റൈനിലെ ഫുട്ബാള്‍ പ്രേമികളെ കുവൈത്തിലെത്തിക്കാന്‍ ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ഒമ്പത് പ്രത്യേക സര്‍വിസുകള്‍ നടത്തും.
ശനിയാഴ്ച ബഹ്റൈനില്‍നിന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അഞ്ചിന് തിരിച്ചുമാണ് സർവിസ്. ഫുട്ബാൾ പ്രേമികളൂടെ സൗകര്യാർഥം ഞായറാഴ്ച ബഹ്റൈനിൽ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റിയുമായി (ബി.ഒ.സി) സഹകരിച്ചാണ് ഗള്‍ഫ് എയർ പ്രത്യേക വിമാന സർവിസ് നടത്തുന്നത്. ബിയോൺ, ബി.ബി.കെ എന്നിവയും സഹകരിക്കുന്നു.
കൂടുതൽ യാത്രക്കാരുണ്ടെങ്കിൽ വേറെയും വിമാനങ്ങള്‍ സർവിസ് നടത്തും.സുഗമമായ യാത്ര ഉറപ്പാക്കാന്‍ കാബിന് ക്രൂ, ഗ്രൗണ്ട് സ്റ്റാഫ്, എയര്‍പോര്‍ട്ട് ഹാന്ഡ്ലിങ് എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ട് ഗള്‍ഫ് എയര്‍ ഈ ഫ്ളൈറ്റുകളുടെ ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്.
ബഹ്റൈൻ ആരാധകർക്കായി 18000 ടിക്കറ്റുകൾ അനുവദിച്ചിരുന്നു. ഇതു മുഴുവൻ വിറ്റു തീർന്നതായി ബഹ്റൈൻ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു.
കുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് കപ്പിന്റെ ഫൈനൽ മത്സര സമാപന ചടങ്ങിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവർ പങ്കെടുക്കും.
ജാബിർ അൽ അഹമ്മദ് ഇന്ററർനാഷനൽ സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകീട്ട് ഏഴിനാണ് അറേബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.