കുവൈത്ത് സിറ്റി: നിർണായക മത്സരത്തിൽ യു.എ.ഇക്കെതിരെ ഒരു ഗോൾ ജയവുമായി അറേബ്യൻ ഗൾഫ് കപ്പിൽ കുവൈത്തിന്റെ തിരിച്ചുവരവ്. എക്സ്ട്രാടൈമിൽ അഹ്മദ് അൽ ദഫീരി നേടിയ ഗോളിൽ കുവൈത്ത് ആവേശകരമായ വിജയം എത്തിപ്പിടിക്കുകയായിരുന്നു. ഇതോടെ കുവൈത്തിന് നിർണായകമായ മൂന്നു പോയന്റുകൾ ലഭിച്ചു. വെള്ളിയാഴ്ച ബഹ്റൈനുമായുള്ള മത്സരത്തിൽ ജയിക്കാനായാൽ കുവൈത്തിന് സെമി ഫൈനലിലേക്ക് പ്രവേശിക്കാം.
ജയം അനിവാര്യമായ മത്സരത്തിൽ കരുതലോടെയാണ് കുവൈത്ത് കളത്തിലിറങ്ങിയത്. നിരവധി താരങ്ങളുള്ള യു.എ.ഇ കളിയിൽ നേരിയ ആധിപത്യം സ്ഥാപിച്ചെങ്കിലും ഗോൾ തടയാൻ കുവൈത്തിനായി. ഇതോടെ, 90 മിനിറ്റിലും ഗോൾ ഒഴിഞ്ഞുനിന്നു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന സൂചനകൾക്കിടെ എക്സ്ട്രാടൈമിൽ 93ാം മിനിറ്റിൽ യു.എ.ഇ ഗോൾ ബോക്സിന് സമീപത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് കുവൈത്ത് മുതലെടുക്കുകയായിരുന്നു.
ആദ്യ മത്സരത്തിൽ ഖത്തറിനോട് രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങിയ കുവൈത്തിന് യു.എ.ഇക്കെതിരായ വിജയം ആത്മവിശ്വാസം കൂട്ടുന്നതാണ്. ബഹ്റൈനുമായുള്ള മത്സരത്തിൽ ഇതേ ഫോം നിലനിർത്താനായാൽ കുവൈത്തിന് 11ാം ഗൾഫ് കപ്പ് കിരീടം സ്വപ്നം കണ്ടു തുടങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.